ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യത ആരായാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. അഭിഭാഷകയും ഡല്‍ഹിയിലെ ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായാണ് ഹര്‍ജി നല്‍കിയിട്ടുള്ളതെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
രാജ്യത്ത് 3.5 കോടി ട്വിറ്റര്‍ അക്കൗണ്ടുകളും 32.5 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമാണ് ഉള്ളത്. ഇവയില്‍ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ വാര്‍ത്തകള്‍ അടക്കമുള്ളവ പ്രചരിക്കുന്നത് തടയാന്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും അവകാശപ്പെടുന്നു.
പ്രമുഖരുടെ പേരില്‍ പോലും വ്യാജ അക്കൗണ്ടുകള്‍ പലരും ഉണ്ടാക്കിയിട്ടുണ്ട്. അവയില്‍ വരുന്ന പോസ്റ്റുകള്‍ യഥാര്‍ഥമാണെന്ന് സാധാരണ ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള കലാപങ്ങള്‍ക്കുപോലും ഇത്തരം വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ കാരണമാകുന്നു. തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍ സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്താനും അവ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment