എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബാഴ്സലോണയ്ക്ക് ലാ ലിഗ കിരീടം. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലെവന്റയെ തോല്‍പ്പിച്ച് ബാഴ്സ കിരീടമുറപ്പിച്ചു. 35 മത്സരങ്ങളില്‍ 25 വിജയവുമായി 83 പോയിന്റോട് കൂടിയാണ് ബാഴ്സയുടെ കിരീടനേട്ടം.
ബാഴ്സലോണയുടെ ചരിത്രത്തിലെ 26-ാം ലി ലിഗ കിരീടമാണിത്. 33 എന്ന റയല്‍ മാഡ്രിഡിന്റെ നേട്ടത്തോടൊപ്പമെത്താന്‍ ബാഴ്സക്ക് ഇനി ഏഴ് കിരീടങ്ങള്‍ കൂടി മതി. കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ബാഴ്സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണ് ഇത്. മെസ്സിയുടെ പത്താം ലാലിഗ കിരീടവും.
മെസ്സിക്ക് വിശ്രമം അനുവദിച്ച് ബാഴ്സലോണക്ക് അവസാനം വിജയിക്കാന്‍ മെസ്സിയെ തന്നെ ആശ്രയിക്കേണ്ടി വന്നു. 62-ാം മിനിറ്റില്‍ മെസ്സി നേടിയ ഏക ഗോളിലായിരുന്നു ബാഴ്സയുടെ വിജയം.
ലെവന്റയെ തോല്‍പ്പിച്ചാല്‍ ബാഴ്സലോണയക്ക് ലാ ലിഗ കിരീടം ലഭിക്കും എന്ന് അറിയുന്നത് കൊണ്ട് തന്നെ ചാമ്പ്യന്‍സ് ലീഗ് സെമി അടുത്തുണ്ടായിട്ടും ശക്തമായ ടീമിനെ തന്നെ ബാഴ്സ കോച്ച് അണി നിരത്തിയിരുന്നു. മെസ്സിയും പികെയും ബുസ്‌കെറ്റ്സും മാത്രമാണ് ഇന്ന് ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന പ്രധാന താരങ്ങള്‍. പിന്നീട് മെസ്സിയെ കളത്തിലിറക്കേണ്ടി വന്നെങ്കിലും ഈ കിരീടം ബാഴ്സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളിനെ നേരിടും മുമ്പ് ആത്മവിശ്വാസം നല്‍കും
35 മത്സരങ്ങളില്‍ 74 പോയന്റാണുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ഹെഡ് ടു ഹെഡ് മികവ് ഉള്ളത് കൊണ്ട് ഈ 83 പോയിന്റില്‍ ബാഴ്സ കിരീടമുറപ്പിക്കുകയായിരുന്നു.
Leave a Comment