മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരെന്ന് പറഞ്ഞ രാഹുലിന് കോടതി സമന്‍സ്

ന്യൂഡല്‍ഹി: മോദി എന്ന പേരുള്ളവരെല്ലാം കള്ളന്‍മാരാണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പട്‌ന സിജെഎം കോടതി സമന്‍സ് അയച്ചു. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി.

കേസില്‍ അടുത്ത മാസം ഇരുപതിനകം ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്ക് പട്‌ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. പ്രസംഗത്തിന്റെ സി ഡി പകര്‍പ്പ് കഴിഞ്ഞ ദിവസം സുശീല്‍ കുമാര്‍ മോദി കോടതിയില്‍ ഹാജാരാക്കി. ഇത് കണ്ടശേഷമാണ് ഹാജരാകാന്‍ രാഹുലിനോട് കോടതി ആവശ്യപ്പെട്ടത്.

ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്. ‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കാവല്‍ക്കാരാന്‍ കള്ളനെന്ന് കോടതി പറഞ്ഞെന്ന പരാമര്‍ശത്തില്‍ സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നു.

pathram:
Related Post
Leave a Comment