ആസ്റ്റര്‍ റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ക്ലസ്റ്റര്‍ വീടുകള്‍ പ്രളയബാധിതര്‍ക്ക് കൈമാറി

കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റോട്ടറി കൊച്ചിന്‍ ഹാര്‍ബറുമായി ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആസ്റ്റര്‍റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ക്ലസ്റ്റര്‍ വീടുകള്‍ കൈമാറി. വീടുകളുടെ താക്കോല്‍ദാനം ചലച്ചിത്രതാരം അപര്‍ണ ബാലമുരളി നിര്‍വഹിച്ചു. ആസ്റ്റര്‍റോട്ടറി ഹോംസ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി കളമശേരി നിയോജക മണ്ഡലത്തില്‍പെട്ട കുന്നുകര പഞ്ചായത്തിലെ വടക്കന്‍ കുത്തിയതോട് വേളാങ്കണ്ണി മാതാ കോളനിയിയിലാണ് എട്ട് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയത്.

കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കളമശേരി എംഎല്‍എ വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഏ.വി പതി, ആര്‍ക്കിടെക്ട് ശങ്കര്‍, കൊച്ചിന്‍ ഹാര്‍ബര്‍ റോട്ടറി പ്രസിഡന്റ് സി.വി ഇഗ്നേഷ്യസ്, ആസ്റ്റര്‍ വോളന്റിയേഴ്സ് ഹെഡ് കൃഷ്ണഭാസ്‌ക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആസ്റ്റര്‍ വോളണ്ടിയേഴ്സും റോട്ടറി കൊച്ചിന്‍ ഹാര്‍ബറും സംയുക്തമായാണ് പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ റോട്ടറി ഇന്റര്‍നാഷണലുമായി ചേര്‍്ന്ന് പ്രളയബാധിതര്‍ക്ക് സംസ്ഥാനത്തെമ്പാടുമായി 75 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് റോട്ടറി കൊച്ചിന്‍ ഹാര്‍ബറുമായി ചേര്‍ന്നുള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

ആസ്റ്റര്‍ റോട്ടറി ഹോംസിന്റെ കൈമാറ്റത്തിലൂടെ കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നല്‍കിയ വാഗ്ദാനം ഭാഗികമായി പാലിക്കാന്‍ കഴിഞ്ഞത് ആസ്റ്റര്‍ വളണ്ടിയേഴ്സിനെ സംബന്ധിച്ചിടത്തോളം അര്‍ഥപൂര്‍ണമായ നിമിഷമാണെന്ന് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അപ്രതീക്ഷിതമായ പ്രകൃതിദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ തുടക്കമാണ് കുത്തിയതോടിലെ ഈ വീടുകളുടെ കൈമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഈ മഹദ് സംരംഭത്തില്‍ റോട്ടറി ഇന്റര്‍നാഷണലുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനായത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

പ്രളയദുരന്തം നേരിട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മികച്ച പിന്തുണ നല്കുന്നതാണ് സ്വകാര്യമേഖലയുടെ ഇത്തരം സംരംഭങ്ങളെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 25 ാം തീയതിയാണ് ചലച്ചിത്രതാരം ജയസൂര്യ ആസ്റ്റര്‍റോട്ടറി ഹോംസ് ക്ലസ്റ്റര്‍ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

പ്രളയബാധിതര്‍ക്ക് 250 വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ ലക്ഷ്യമിട്ട് 2018 സെപ്തംബറിലാണ് ആസ്റ്റര്‍ ഹോംസ് പദ്ധതി പ്രഖ്യാപിച്ചത്. ഇതില്‍ റോട്ടറി ഇന്റര്‍നാഷണല്‍ ആസ്റ്റര്‍ റോട്ടറി ഹോംസിന്റെ ബാനറില്‍ 75 വീടുകള്‍ നിര്‍മിക്കാനാണ് ആസ്റ്റര്‍ വളണ്ടിയേഴ്സുമായി സഹകരിക്കുന്നത്.

pathram:
Related Post
Leave a Comment