സുരേഷ് കല്ലടയ്‌ക്കെതിരേ തെളിവില്ല; വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലടയെ പോലീസ് അഞ്ച് മണിക്കൂറുകളോളം ചോദ്യംചെയ്തു. സംഭവത്തില്‍ ബസ് ഉടമയ്ക്ക് പങ്കുണ്ടോ എന്നതിനെപ്പറ്റിയാണ് പരിശോധിച്ചതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍ രേഖകള്‍ അടക്കമുള്ളവ വിശദമായി പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

അതിനിടെ, സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഒന്നും തന്റെ അറിവോടെയല്ല നടന്നതെന്നും ചോദ്യം ചെയ്യലിന് ഹാജരായശേഷം സുരേഷ് കല്ലട മാധ്യമങ്ങളോട് പറഞ്ഞു. ബസ് യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാരെ വച്ചുകൊണ്ട് ബസ് സര്‍വീസ് മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് കല്ലട പ്രതികരിച്ചു.

അതിനിടെ, ആവശ്യമെങ്കില്‍ ബസ് ഉടമയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അറസ്റ്റിലായ ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ബസ് ഉടമയ്ക്കെതിരെ നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പോലീസ്.

pathram:
Related Post
Leave a Comment