കൊളംബോ: ഇരുന്നൂറ്റിയമ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. നേരത്തെ നൂറുപേര്‍ കൂടി അധികമായി രേഖപ്പെടുത്തിയിരുന്നു. കണക്കെടുപ്പില്‍ തെറ്റുകള്‍ വന്നതിനാലാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അഞ്ഞൂറോളം ആളുകള്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരങ്ങള്‍.
സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
Leave a Comment