തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ പരിസമാപ്തിയായി. വൈകീട്ട് ആറ് മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് അനുവദിച്ച സമയം. വലിയ ആവേശത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം കൊട്ടിക്കലാശത്തിന് അണി നിരന്നത്.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിന്റെ ആവേശം മുഴുവന്‍ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു. കൊട്ടിക്കലാശത്തിലും കളം പിടിക്കാന്‍ മുന്നണികള്‍ മത്സരിച്ചു.
കൊട്ടിക്കലാശത്തിന്റെ ആവേശത്തിനിടയ്ക്ക് സംസ്ഥാനത്ത് പലേടത്തും സംഘര്‍ഷമുണ്ടായി. ഇത് മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത് എങ്കിലും പല മണ്ഡലങ്ങളിലും കാര്യങ്ങള്‍ കൈവിട്ടുപോയി. വടകര വില്യാപ്പള്ളിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ സ്ഥിതി നിയന്ത്രണാതീതമായി. ചേരി തിരിഞ്ഞ് കല്ലെറിഞ്ഞ പ്രവര്‍ത്തകരെ തുരത്താന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു . സ്ഥിതി നിയന്ത്രിക്കാന്‍ കൂടുതല്‍ കേന്ദ്ര സേനയെ എത്തിച്ചു.
സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്നത് വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവായി.
തിരുവനന്തപുരത്ത് വേളിയില്‍ ഏകെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്വാതന്ത്രമായി സഞ്ചരിക്കാന്‍ ഉള്ള അവകാശം പോലും നിഷേധിച്ചെന്ന് എകെ ആന്റണി ആരോപിച്ചു. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണെന്നും ഇങ്ങനെ ഉള്ള സ്ഥലത്ത് എങ്ങനെ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും ആന്റണി പ്രതികരിച്ചു.
കൊട്ടിക്കലാശത്തിനിടെ തൊടുപുഴയില്‍ എല്‍ഡിഎഫ് ബ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യുഡിഎഫ് പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്. തിരുവല്ലയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനിടെ പോലീസുകാരന് പരിക്കേറ്റു. പാലാരിവട്ടത്തു കലാശക്കൊട്ടിനിടയില്‍ സിപിഐഎം എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമായി. ആലപ്പുഴ സക്കറിയാ ബസാറിലും കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളും ഉണ്ടായി.
പത്തനംതിട്ടയുടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സു രേന്ദ്രനെ കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ തടഞ്ഞ് വച്ചു. മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കള്‍ എത്തിയാണ് സുരേന്ദ്രന്റെ വാഹനം കടത്തി വിട്ടത്. ആറ്റിങ്ങലില്‍ ബിജെപി സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്ക് നേര്‍ക്ക് നേര്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യം സംഘര്‍ഷത്തിന്റെ വക്കോളം എത്തിയെങ്കിലും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
കൊല്ലം കരുനാഗപ്പള്ളിയിലും ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമായി. പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങളും തകര്‍ത്തു. മലപ്പുറത്ത് ഉന്തിനും തള്ളിനും ഇടയില്‍ പോലീസുകാരന് പരിക്കേറ്റു. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
2,61,51,534 വോട്ടര്‍മാരാണുള്ളത്. 1,34,66,521 സ്ത്രീകളും 1,26,84,839 പുരുഷന്മാരും 174 ട്രാന്‍സ്‌ജെന്ററുകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 23ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
31,36,191 പേര് പട്ടികയിലുള്ള മലപ്പുറം ജില്ലയിലാണു ഏറ്റും കൂടുതല്‍ വോട്ടര്‍മാരുള്ളത് . 5,94,177 പേര് മാത്രം ഉള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. 1,35,357 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട് പട്ടികയില്‍. 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്.
Leave a Comment