തൃശൂര്‍: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കുടുംബത്തോടൊപ്പം ആവേശമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകന്‍ ഗോകുലിനുമൊപ്പം തുറന്ന വാഹനത്തില്‍ അണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സുരേഷ് ഗോപി തന്റെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന തൃശൂരില്‍ പ്രചാരണത്തിന്റെ ആവേശം മുഴുവന്‍ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു. കൊട്ടിക്കലാശത്തിലും കളം പിടിക്കാന്‍ മുന്നണികള്‍ മത്സരിച്ചു. കൊട്ടും പാട്ടുമായി നിരവധി അണികളാണ് സുരേഷ് ഗോപിയുടെ വാഹനത്തിന് അകമ്പടിയായി അണിനിരന്നത്.
അതിനിടെ ഗര്‍ഭിണിയായ യുവതിയെ വയറില്‍ കൈവച്ച് അനുഗ്രഹിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ കുടുംബം രംഗത്തെത്തി. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും കുടുംബവും തൃശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ അന്തിക്കാടുള്ള വീട്ടിലെത്തി ആശ്വസിപ്പിച്ചു.
വ്യാഴാഴ്ച മണലൂര്‍ മണ്ഡലം പര്യടനത്തിനിടെയായിരുന്നു സംഭവം. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ പര്യടനം ഉണ്ടെന്നറിഞ്ഞ് അന്തിക്കാട് ചിരുകണ്ടത്ത് വീട്ടില്‍ വിവേകും, ഭാര്യ ശ്രീലക്ഷ്മിയും മകന്‍ അഹാനും കാത്തു നിന്നിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയപ്പോള്‍ പിറകെ ഓടിയ അഞ്ച് മാസം ഗര്‍ഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിറുത്തി. തുടര്‍ന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിച്ചു. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി വയറില്‍ കൈവെച്ച് അനുഗ്രഹിച്ചത്.
എന്നാല്‍ ഇതിനെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു, ഇതേ തുടര്‍ന്നാണ് പ്രചാരണ വേദികളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവര്‍ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദര്‍ശിച്ചത്.
Leave a Comment