തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിക്കു മുന്‍പില്‍ വെടിപൊട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് സുരക്ഷാവീഴ്ച. പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി.

കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളില്‍നിന്നാണ് വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗം തുടങ്ങാനിരിക്കെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്താണ് സംഭവം നടന്നത്. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍, എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.

തെക്കന്‍ ജില്ലകളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി മോദി എത്തുന്നത്. ആന്ധ്രാപ്രദേശില്‍നിന്ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന അദ്ദേഹം രാത്രി 9.20നുതന്നെ മടങ്ങുകയും ചെയ്യും. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം.

pathram:
Related Post
Leave a Comment