ബി.ജെ.പിക്ക് തിരിച്ചടിയായി മാരാമൺ, ചെറുകോൽപ്പുഴ സംഗമ ഭൂമിയിലെ ഭിന്നിപ്പിക്കൽ നീക്കം

പത്തനംതിട്ട: കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ അന്തിമ റൗണ്ടായപ്പോൾ പോരാട്ടം ഇഞ്ചോടിഞ്ച്. കേരളത്തിൽ ബി ജെ പി പ്രതീക്ഷ വെയ്ക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്ന് എന്നതാണ് മണ്ഡലത്തെ ഇന്ത്യയിൽ തന്നെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലം എന്നതു കൊണ്ടു തന്നെ ബി ജെ പിയുടെ ആചാര സംരക്ഷണ സമരങ്ങളുടെ മാറ്റുരച്ചു നോക്കുന്ന മണ്ഡലം കൂടിയാണ് പത്തനംതിട്ട. ഈ ലിറ്റ്മസ് ടെസ്റ്റിൽ പരാജയം രുചിച്ചാൽ ബി ജെ പിക്ക് കേരളത്തിൽ കട്ടയും പടവും മടക്കേണ്ട സ്ഥിതി വന്നു ചേരും. അതുകൊണ്ട് തന്നെ ജാതി, മത കാർഡിറക്കി കളിച്ച്, ഏതു വിധേനയും കടന്നു കൂടാനുള്ള ശ്രമത്തിലാണ് ബി ജെ പി. അതുകൊണ്ട് തന്നെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന ശക്തമായ ആശങ്കയിലാണ് ഇടതു മുന്നണി ഇവിടെ.

എന്നാൽ ബി ജെ പി പ്രതീക്ഷിക്കുന്ന വിധത്തിൽ ഹിന്ദു വോട്ടുകൾ പ്രത്യേകിച്ച് നായർ വോട്ടുകൾ സ്വരൂപിക്കാൻ അവർക്ക് കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇതിനു വ്യക്തമായ സൂചനകൾ മണ്ഡലത്തിൽ പ്രത്യേകിച്ച് നായർ മേധാവിത്വമുള്ള നിയമസഭാ മണ്ഡലങ്ങളായ അടൂർ, ആറന്മുള, റാന്നി എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാണ്. ഇവിടങ്ങളിൽ നായർ വിഭാഗം എന്നും യു ഡി എഫിനോടോപ്പമാണ് നിലകൊണ്ടിരുന്നത്. അതിനു കാര്യമായ മാറ്റം ഇക്കുറിയും ഉണ്ടാകില്ലെന്നാണ് മണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കുമ്പോൾ മനസിലാക്കാൻ കഴിയുക.

ശബരിമല വിഷയത്തിൽ ബി ജെ പി, ആർ എസ് എസ് സമരങ്ങളിലെ ആത്മാർത്ഥതയിലാണ് ഹൈന്ദവ സമൂഹത്തിന് സംശയമുള്ളത്. ബി ജെ പി സ്ഥാനാർത്ഥിയുടെ ഇക്കാര്യത്തിലുള്ള നിലപാടുകൾ ഹിന്ദു സമൂഹം യുക്തിസഹജമായി വിലയിരുത്തുന്നുണ്ട്. ശബരിമലയുമായി വൈകാരിക ബന്ധമുള്ള മണ്ഡലം എന്ന നിലയിൽ ഇവിടത്തെ വോട്ടർമാർക്ക് സുരേന്ദ്രൻ ഇരുമുടികെട്ടിനെ അപമാനിക്കുന്ന വിധത്തിൽ പ്രതികരിച്ചതിൽ കടുത്ത അമർഷമുണ്ട്. ശബരിമല സമരം ആദ്യം ഉയർന്നു വന്നത് പത്തനംതിട്ടയിലാണ്. ഇത് ഭക്തർ നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയതാണ്. എന്നാൽ ബിജെ പി – ആർ എസ് എസ് കൂട്ടുകെട്ട് ഇതിനെ അപഹാസ്യമാക്കി എന്ന അഭിപ്രായമാണ് വലിയൊരു വിഭാഗം ഹിന്ദുക്കൾക്കിടയിൽ ഉള്ളത്. ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയെ അപമാനിച്ചതും അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ തേങ്ങ എറിയാൻ ശ്രമിച്ചതടക്കമുള്ള സംഭവങ്ങൾ വിങ്ങലോടെയാണ് വിശ്വാസികൾ കാണുന്നത്. ഇടതു സർക്കാർ വിശ്വാസികളെ പാടെ അവജ്ഞയോടെ തള്ളുന്ന നിലപാട് സ്വീകരിച്ചപ്പോൾ ബി ജെ പി – ആർ എസ് എസ് നേതാക്കൾ വിശ്വാസികളെ അപമാനിച്ചു എന്ന നിലപാടാണ് ഇവിടത്തെ ഹിന്ദു സമൂഹത്തിനുള്ളത്.

ഈ വികാരം കണക്കിലെടുത്താണ് എൻ എസ് എസ് സുവ്യക്തമായി തങ്ങളുടെ നിലപാട് അവതരിപ്പിച്ചത്. വിശ്വാസികളുടെ വികാരം മനസിലാക്കി കേന്ദ്ര സർക്കാരും ചെയ്യേണ്ടത് ചെയ്തില്ല എന്ന എൻ എസ് എസ് ജനറൽ സെക്രെട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവന വരികൾക്കിടയിലൂടെ വായിക്കേണ്ടതാണ്. പന്തളം കൊട്ടാരവും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിശ്വാസത്തെ വോട്ടാക്കി മാറ്റാനുള്ള ഹീനതന്ത്രങ്ങളെ വ്യക്തമായി എതിർക്കുന്ന നിലപാടാണ് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള എൻ എസ് എസും പന്തളം കൊട്ടാരവും സ്വീകരിച്ചിരിക്കുന്നത്. സമദൂര സിദ്ധാന്തത്തിൽ എൻ എസ് എസ് ഉറച്ചു നിൽക്കുന്നുവെന്ന പെരുന്നയുടെ നിലപാട് ശ്രദ്ധേയമാണെന്ന് ഇവിടത്തെ ഹൈന്ദവ വോട്ടർമാർ കരുതുന്നു. അതുകൊണ്ട് ഹൈന്ദവ സമൂഹത്തെ പ്രത്യേകിച്ച് നായർ വിഭാഗത്തെ വോട്ട് ബാങ്കായി തിരിക്കാനുള്ള നീക്കത്തെ വോട്ടർമാർ വിവേകത്തോടെ തിരിച്ചറിയുമെന്ന് യു ഡി എഫിന്റെ നേതാക്കൾ പറഞ്ഞു.

ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് പതനതിട്ട മണ്ഡലത്തിൽ ബഹുഭൂരിപക്ഷം. അതിശക്തമായ വേരുകളുള്ള മതസൗഹാർദം മണ്ഡലത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ രണ്ടു മത കൺവെൻഷനുകൾ നടക്കുന്നതും ഈ മണ്ഡലത്തിന്റെ പരിധിയിലാണ്, മാരാമൺ കൺവെൻഷനും ചെറുകോൽപ്പുഴ ഹിന്ദു മത കൺവെൻഷനും. ഇവ രണ്ടും ജാതി- മത വ്യത്യാസമില്ലാത്ത ജനസംഗമങ്ങളാണ്. അതുപോലെ തന്നെ നാനാജാതി മതസ്ഥർ എത്തുന്ന ആറന്മുള ക്ഷേത്രവും മലയാലപ്പുഴ ക്ഷേത്രവും മഞ്ഞനിക്കര, പരുമല പള്ളിയും സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവയെല്ലാം തന്നെ മത സൗഹാർദത്തിന്റെ ഏറ്റവും സജീവമായ പ്രതീകങ്ങളാണ്.

ഈ സാഹചര്യത്തിൽ മത സൗഹാർദ്ദത്തിന് കത്തി വെയ്ക്കുന്ന തരത്തിലുള്ള ബി ജെ പിയുടെ വർഗീയ വിഷംചീറ്റലിൽ പത്തനംതിട്ടയിലെ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇതെല്ലം തന്നെ ബി ജെ പിയുടെ കണക്കുക്കൂട്ടലുകളെ അമ്പേ തെറ്റിക്കുന്നതാകും. വർഗീയ ധ്രുവീകരണത്തിന് ഇവിടെ വേരോട്ടം ഉണ്ടാകില്ലെന്ന് വോട്ടർമാർ പറയുന്നു. കാരണം അത്രക്ക് ഉറച്ച മത സൗഹാർദ പാരമ്പര്യം മണ്ഡലത്തിന്റെ കരുത്താണ്.
അതുകൊണ്ട് ബി ജെ പിക്ക് പ്രചരിപ്പിക്കുന്ന തരത്തിലുള്ള വോട്ടു നേട്ടം ഇവിടെ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ കഴിയും. എന്നാൽ വിശ്വാസികൾക്ക് ഇടതു സർക്കാരിനോടുള്ള പ്രതിഷേധം അതിശക്തവുമാണ്. യു ഡി എഫ് പ്രത്യേകിച്ച് കോൺഗ്രസ് ആചാര സംരക്ഷണത്തിന് സ്വീകരിച്ച ഹിംസാത്മകമല്ലാത്ത നിലപാടിനോട് കൂടുതൽ പേരും ആഭിമുഖ്യം പുലർത്തുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത. മണ്ഡലത്തിന് പുറത്ത് പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒരു തരംഗവും ബി ജെ പിക്ക് അനുകൂലമായി ഇവിടെ ഇല്ല എന്ന് മണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment