ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചു. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത്. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചതായാണ് വിവരം.
മെയ് 19-നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാകും എടുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏറ്റവും അവസാനഘട്ടത്തിലാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക എന്നതിനാല്‍ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
വാരാണസിയില്‍ മോദിക്കെതിരെ ബിഎസ്പി-എസ്പി സഖ്യം ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലാ. പ്രിയങ്ക വരാനുള്ള സാധ്യതയുള്ളതിനാലാണ് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതെന്ന സൂചനയുമുണ്ടായിരുന്നു. 2022 ല്‍ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രിയങ്കയെ കോണ്‍ഗ്രസ് ഏല്‍പിച്ചിരിക്കുന്ന ദൗത്യം. മോദിക്കെതിരെ മത്സരിക്കുന്നത് സംസ്ഥാനമെമ്പാടും ശ്രദ്ധ കിട്ടാന്‍ ഉപകരിക്കും എന്നതും പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലുണ്ട്.
Leave a Comment