ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ; 91 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വിധിയെഴുതും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളില്‍ വ്യാഴാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലെയും വോട്ടെടുപ്പ് ആദ്യഘട്ടത്തില്‍തന്നെ പൂര്‍ത്തിയാവും.

പ്രമുഖ കേന്ദ്രമന്ത്രിമാര്‍ മത്സരരംഗത്തുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് രംഗത്തിറക്കിയ ബി.ജെ.പി. മുന്‍നേതാവ് നാനാ പട്ടോലെയാണ് എതിരാളി. നാഗ്പുരടക്കം മഹാരാഷ്ട്രയിലെ ഏഴു മണ്ഡലങ്ങളില്‍ വ്യാഴാഴ്ച വിധിയെഴുതും.

ഉത്തര്‍പ്രദേശിലെ 80 ലോക്സഭാസീറ്റില്‍ എട്ടിടത്താണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരായ വി.കെ. സിങ്, മഹേഷ് ശര്‍മ, സഞ്ജീവ്കുമാര്‍ ബല്യാന്‍ എന്നിവരാണ് ബി.ജെ.പി. സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍. പ്രതിപക്ഷസഖ്യത്തിലാവട്ടെ, ആര്‍.എല്‍.ഡി. നേതാവ് അജിത് സിങ് മുസാഫര്‍ നഗറിലും മകന്‍ ജയന്ത് ചൗധരി ഭാഗ്പത്തിലും ജനവിധി തേടുന്നു. കേന്ദ്ര കൃഷിസഹമന്ത്രി സഞ്ജീവ് ബല്യാനാണ് അജിത് സിങ്ങിന്റെ എതിരാളി. ജയന്തിനെതിരെ സിറ്റിങ് എം.പി.യും മുംബൈ മുന്‍പോലീസ് കമ്മിഷണറുമായ സത്യപാല്‍ സിങ്ങാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. മന്ത്രിമാരായ വി.കെ. സിങ് ഗാസിയാബാദിലും മഹേഷ് ശര്‍മ ഗൗതംബുദ്ധ് നഗറിലും സ്ഥാനാര്‍ഥികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ച മീററ്റ് മണ്ഡലവും ആദ്യഘട്ടത്തില്‍ വിധിയെഴുതും. പ്രതിപക്ഷസഖ്യത്തില്‍ കൈറാനയാണ് ശ്രദ്ധേയമണ്ഡലം. 2018-ലെ ഉപതിരഞ്ഞെടുപ്പില്‍ എസ്.പി.-ബി.എസ്.പി-ആര്‍.എല്‍.ഡി. സഖ്യം പരീക്ഷിച്ചു ബി.ജെ.പിയെ വീഴ്ത്തിയത് ഇവിടെയായിരുന്നു. അന്നു വിജയിച്ച തബസും ഹസന്‍ തന്നെയാണ് ഇത്തവണയും പ്രതിപക്ഷസ്ഥാനാര്‍ഥി.

ഉത്തരാഖണ്ഡിലെ അഞ്ചു മണ്ഡലങ്ങളും ഒന്നാംഘട്ടത്തില്‍ വിധിയെഴുതും. ഗഡ്‌വാള്‍ മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിയുടെ മകന്‍ മത്സരിക്കുന്നതാണ് സവിശേഷത. ആന്ധ്രയില്‍ 25, തെലങ്കാനയില്‍ 17 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം, മണിപ്പുര്‍ എന്നിവിടങ്ങളൊഴികെ എല്ലായിടത്തും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. അസമിലെ 14-ല്‍ അഞ്ചിലും മണിപ്പുരിലെ രണ്ടില്‍ ഒന്നിലും അരുണാചല്‍പ്രദേശിലെയും മേഘാലയയിലെയും രണ്ടു വീതം മണ്ഡലങ്ങളിലും നാഗാലാന്‍ഡ്, മിസോറം, സിക്കിം എന്നിവിടങ്ങളിലെ ഓരോന്നു വീതം മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ വിധിയെഴുതും. ബിഹാറിലെ 40 മണ്ഡലങ്ങളില്‍ നാലിടത്തും ബംഗാളിലെ 42ല്‍ രണ്ടിടത്തും ഒന്നാംഘട്ടത്തിലാണ് ജനവിധി. ഛത്തീസ്ഗഢ് – ഒന്ന്, ജമ്മുകശ്മീര്‍- രണ്ട്, ഒഡിഷ -നാല് എന്നിവയ്ക്കു പുറമെ, ലക്ഷദ്വീപിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുള്ള ഓരോന്നില്‍ വീതവും വ്യാഴാഴ്ച വോട്ടെടുപ്പു നടക്കും.

pathram:
Related Post
Leave a Comment