എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തവണ ലോകാരോഗ്യസംഘടന ഏപ്രില്‍ 7-ന് ആരോഗ്യദിനം ആചരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യം മനുഷ്യന്റെ മൗലികാവകാശമായാണ് പരിഗണിക്കുന്നത്. കൂടാതെ, പുതിയ നയ രൂപീകരണത്തിലൂടെ ആരോഗ്യ രംഗത്ത് നിലനില്‍ക്കുന്ന അസമത്വങ്ങളും തടസ്സങ്ങളും കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ ആവുന്നത് ശ്രമിക്കുന്നുമുണ്ട്. രോഗ പ്രതിരോധം, ചികിത്സയിലെ പ്രാരംഭഘട്ടം, രണ്ടാംഘട്ടം, മൂന്നാംഘട്ടം എന്നിവ ഉള്‍പ്പെടുന്നതാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷ. ഇതിന്റെ ഭാഗമായി നമ്മുടെ രാജ്യത്ത് 50 കോടി പൗരന്‍മാര്‍ക്ക് മികച്ച ചികിത്സ പ്രാപ്യമാക്കാനായി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതി മാതൃകാപരമാണ്. അതുവരെ മികച്ച ചികിത്സ ലഭ്യമാകാതെ പോയ നിരവധി പേര്‍ക്ക് ഈ പദ്ധതിയിലൂടെ മികച്ച ആശുപത്രികളില്‍ നല്ല നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞു.
സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഫലം ഡല്‍ഹിയില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. 11 സര്‍ക്കാര്‍ ആശുപത്രികളും 7 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ പതിനെട്ട് ആശുപത്രികളാണ് പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ഡല്‍ഹിയിലെ പ്രധാനപ്പെട്ട ആശുപത്രികളായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദര്‍ജങ് ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിങ് ഹോസ്പിറ്റല്‍, നോര്‍ത്തേണ്‍ റെയില്‍വേ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ എന്നിവ പദ്ധതിയില്‍ പങ്കാളികളാണ്. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ പദ്ധതിയുടെ ഭാഗമായിട്ടില്ലാത്തതിനാല്‍ ഡല്‍ഹി നിവാസികള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കില്ലെന്നത് കൗതുകകരമാണ്.
അതേസമയം ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഏകദേശം 1,500 ഓളം രോഗികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കാര്‍ഡിയോളജി ,ഓര്‍ത്തോപീഡിക്സ് തുടങ്ങിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളുള്ള ആശുപത്രികളിലാണ് രോഗികളില്‍ ഭൂരിഭാഗവും പദ്ധതി പ്രകാരം ചികിത്സ തേടിയത്. സമാനമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചികിത്സാച്ചെലവിലെ കുറവ് ഉള്‍പ്പെടെ പദ്ധതി മൂലം ഉണ്ടായിട്ടുള്ള മാറ്റത്തിന്റെ കണക്കുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന സ്വകാര്യ മേഖലയ്ക്ക് കൂടി താങ്ങാനാവുന്നതും അതേസമയം സുതാര്യവുമായ ചികിത്സാച്ചിലവ് നിശ്ചയിക്കുന്നതിനെ ആശ്രയിച്ചാകും ഈ പദ്ധതിയുടെ ദീര്‍ഘകാല നിലനില്‍പ്പ്.
വിവിധ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ചേരുന്നതിലൂടെ നമ്മുടെ രാജ്യം സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യത്തിലേക്ക് സാവകാശം നടന്നടുക്കുകയാണ്. രോഗങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് കൂടുതല്‍ കാര്യക്ഷമമായ തലമുറയെ വാര്‍ത്തെടുക്കുന്നതിനും കാര്യക്ഷമത കൂടുതല്‍ കാലം നിലനിര്‍ത്താനും ഈ പദ്ധതി സഹായകമാകും. ഇത്രയും പ്രധാനപ്പെട്ട വിഷയത്തിലുള്ള അവബോധം വളര്‍ത്താനും മികച്ച ചികിത്സ പ്രാപ്യമാകുന്നതിനുള്ള തടസ്സങ്ങള്‍ കുറച്ച് താങ്ങനാകുന്ന ചികിത്സാച്ചെലവ് ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.
ഡോ. ഹരീഷ് പിള്ള
സിഇ.ഒ
ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ്
Leave a Comment