റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നടപടികള്‍ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷന്‍ വിശദമാക്കി. കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദ്ദേശം.

ദില്ലിയിലും, മധ്യപ്രദേശിലും, ഗോവയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ജീവനക്കാരുടെ വീടുകളിലടക്കം രാജ്യത്തെ 50 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. റെയ്ഡില്‍ ഒമ്പത് കോടിരൂപ കണ്ടെടുത്തതായാണ് സൂചന. തെരഞ്ഞെടുപ്പിന് ഹവാലപ്പണമെത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിശദീകരണം.

ദില്ലിയിലെ 35 കേന്ദ്രങ്ങളിലും മധ്യപ്രദേശിലെ ഭൂല, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും റെയ്ഡു നടന്നു. ഗോവയിലെ ചില കേന്ദ്രങ്ങളിലും പരിശോധനയുണ്ടായി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധു രതുല്‍ പുരിയുടെ വീട്ടിലും ഓഫീസിന്റെ പ്രത്യേക ചുമതലയുള്ള പ്രവീണ്‍ കക്കാറിന്റെ ഇന്‍ഡോറിലെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി.

കഴിഞ്ഞയാഴ്ച കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാന മന്ത്രി പ്രതികാര രാഷ്ട്രീയം കളിയ്ക്കുകയെന്നായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ ആരോപണം. പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുടെ വീടുകളിലെ ആദായ നികുതി വകുപ്പ് പരിശോധന.

pathram:
Leave a Comment