തൃശൂര്‍: എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല. ‘സ്വാമി ശരണം’ എന്നുള്ള കമന്റുകളാണ് കളക്ടറുടെ പേജിലെ എല്ലാ പോസ്റ്റുകളിലും നിറയുന്നത്. സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യ പ്രഖ്യാപിക്കുന്നതും കളക്ടറെ ആക്ഷേപിക്കുന്നതുമായ കമന്റുകളും നിരവധിയുണ്ട്.
അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നല്‍കണമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കള്ക്ടര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരന്നു.
എന്നാല്‍ വിഷയത്തില്‍ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പ്രതികരിച്ചിരുന്നു. സുരഷേ് ഗോപിക്ക് നേട്ടീസ് അയച്ചതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ടി.വി അനുപമയെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ നിരന്തരം ഉയര്‍ന്നിരുന്നു. ടി.വി അനുപമയുടെ യഥാര്‍ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും ചിലര്‍ കണ്ടെത്തുന്നുണ്ട്. ഇത്തരത്തിലുള്ള പൊങ്കാലകള്‍ക്കെതിരെ നിരവധി ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്.
Leave a Comment