വീണ്ടും ഐപിഎല്‍ വാതുവയ്പ്; മുന്‍ ഇന്ത്യന്‍ പരിശീലകനടക്കം 19 പേര്‍ അറസ്റ്റില്‍

ഐ.പി.എല്‍ വീണ്ടും വാതുവെയ്പ്പ് വിവാദത്തില്‍. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19-പേരാണ് ഐ.പി.എല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വഡോദരയില്‍ അറസ്റ്റിലായത്. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ തുഷാര്‍ അറോത്തെയേയും മറ്റ് 18-പേരെയുമാണ് വഡോദര ഡി.സി.പി ജെ.എസ് ജഡേജയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബറോഡയുടെ മുന്‍ രഞ്ജി താരം കൂടിയാണ് ഇയാള്‍.

വഡോദരയിലെ ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് തുഷാര്‍ അടക്കം 19 പേര്‍ പിടിയിലായതെന്ന് ജെ.എസ് ജഡേജ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വ്യത്യസ്ത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഇവര്‍ വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടിരുന്നതെന്നും പോലീസ് അറിയിച്ചു.

വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് – കിങ്‌സ് ഇവവന്‍ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേര്‍ അജ്മീറില്‍ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 15 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 54,000 രൂപ, 82 മൊബൈല്‍ ഫോണുകള്‍, നാലു ടിവി, ആറ് ലാപ്പ്ടോപ്പുകള്‍, വൈഫൈ ഡോങ്കിള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.

pathram:
Related Post
Leave a Comment