ചാഴിക്കാടന്റെ പര്യടനം; കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ നാളെ

കോട്ടയം: തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ ഭാഗമായി നാളെ കോട്ടയം നഗരത്തില്‍ യു.ഡി.എഫ് റോഡ് ഷോ നടത്തും. ഉച്ചകഴിഞ്ഞ് 3:30 നാണ് റോഡ് ഷോ. കലക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി ശാസ്ത്രി റോഡില്‍ അവസാനിക്കുന്ന റോഡ് ഷോയില്‍ സ്ഥാനാര്‍ഥിക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജോസ് കെ മാണി എം.പി തുടങ്ങിയ നേതാക്കളും അണിനിരക്കും.

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റിലേക്ക് അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്. സീറ്റിന് വേണ്ടി ശക്തമായി നിലകൊണ്ട പി.ജെ ജോസഫിനെയും മാണി ഗ്രൂപ്പിലെ പല പ്രമുഖരേയും വെട്ടിയാണ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥിയായത്.

മാണി ഗ്രൂപ്പുകാരനാണെങ്കിലും സൗമ്യ സ്വഭാവമുള്ളയാളായതിനാല്‍ ജോസഫ് വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിച്ചു. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ക്നാനായ സഭക്കാണെന്നതും തോമസ് ചാഴികാടന് അനുകൂല ഘടകമാകുന്നുണ്ട്.

1990ല്‍ അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴിക്കാടന്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്. സഹോദരന്‍ ബാബു ചാഴിക്കാടന്‍ എം.എല്‍.എ മരിച്ചതിനെ തുടര്‍ന്നായിരുന്നു കേരള കോണ്‍ഗ്രസ് തോമസ് ചാഴികാടനെ ആ ദൗത്യം ഏല്‍പ്പിച്ചത്. തുടര്‍ന്ന് പല തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ ചാഴിക്കാടന്‍ നാല് തവണ ഏറ്റുമാനൂരില്‍ നിന്നും നിയമസഭയില്‍ എത്തി.

ചാഴികാടന് കൈയില്‍ പണമായുള്ളത് 30000 രൂപ മാത്രം. ഭാര്യ ആന്‍ ജേക്കബിന്റെ കൈയില്‍ 20,000 രൂപയുമുണ്ട്. ബാങ്ക് നിക്ഷേപം, ഉപയോഗിക്കുന്ന 24 ഗ്രാം സ്വര്‍ണം, ഉപയോഗിക്കുന്ന വോക്സ് വാഗണ്‍ കാര്‍ ഉള്‍പ്പെടെ 1,0207473 രൂപയുടെ ആസ്തിയുണ്ട്.

ഭാര്യ ആനിന് 476 ഗ്രാം സ്വര്‍ണവും പെന്‍ഷനും ഉള്‍പ്പെടെ 206143 രൂപയുടെ ആസ്തിയുണ്ട്. പിതൃസ്വത്തായി ലഭിച്ച 2.2 ഏക്കര്‍ സ്ഥലം വെളിയന്നൂരിലുണ്ട്. ഇതിന് 547270 രൂപയാണ് മതിപ്പ് വില. എസ്.എച്ച് മൗണ്ടില്‍ 7,92,000 രൂപ വിലമതിക്കുന്ന പ്ളോട്ടും 33,00,000 രൂപ വിലമതിക്കുന്ന ഇരുനില വീടും സ്വന്തമായുണ്ട്. ചാഴികാടന്റെയും ഭാര്യയുടേയും സംയുക്ത അക്കൗണ്ടില്‍ 41,93,855 രൂപയുടെ നിക്ഷേപവുമുണ്ട്. ചാഴികാടന് ഫെഡറല്‍ ബാങ്കില്‍ 4,95,778 രൂപയുടെ വായ്പയുമുണ്ട്.

pathram:
Related Post
Leave a Comment