‘മോദിയുടെ 100 തെറ്റുകള്‍’ പുസ്തകം കോണ്‍ഗ്രസ് പുറത്തിറക്കി..!!!

മുംബൈ: തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കംകുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിക്കെതിരെ പുതിയ പ്രചാരണ ആയുധവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ‘മോദിയുടെ നൂറ് തെറ്റുകള്‍’ എന്ന പുസ്തകം മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കി. നൂറ് പേജുകളുള്ള പുസ്തകം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, അശോക് ചവാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.

റഫാല്‍ കരാറുമായി ബന്ധപ്പെട്ടതാണ് പുസ്തകത്തിന്റെ ആദ്യ അധ്യായം ‘റഫാല്‍ കരാര്‍, അംബാനിയുടെ വിജയം’ എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ റഫാലുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ട തുകയുടെ മൂന്നിരട്ടിക്കാണ് മോദി സര്‍ക്കാര്‍ റഫാല്‍ കരാര്‍ നടത്തിയതെന്നും അനില്‍ അംബാനിക്ക് വേണ്ടി മോദി ഫ്രാന്‍സുമായി സമാന്തര ഇടപാട് നടത്തിയെന്നും പുസ്തകത്തില്‍ ആരോപിക്കുന്നുന്നു. പ്രവൃത്തിയില്ലാതെ വാഗ്ദാനങ്ങള്‍ മാത്രം, സമ്പദ്വ്യവസ്ഥയെ തകര്‍ത്ത നോട്ട് നിരോധനം തുടങ്ങി മോദി സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന വിമര്‍ശനങ്ങളുടെ നീണ്ട നിര തന്നെ പുസ്തകത്തിലുണ്ട്.

മഹാഭാരതത്തില്‍ ഭഗവാന്‍ കൃഷ്ണന്‍, ശിശുപാലന്റെ നൂറ് തെറ്റുകള്‍ താന്‍ പൊറുക്കുമെന്നും അതിനുശേഷം മാപ്പ് നല്‍കില്ലെന്നും പറയുന്നുണ്ട്. അതുപോലെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബിജെപിയുടെ ശിശുപാലനായ പ്രധാനമന്ത്രി മോദിയുടെ നൂറിലധികം തെറ്റുകള്‍ ജനങ്ങള്‍ കണ്ടുകഴിഞ്ഞെന്നും ഇനി ജനങ്ങള്‍ ക്ഷമിക്കരുതെന്നും പുസ്തകത്തില്‍ പറയുന്നു. അച്ഛേ ദിന്‍ എന്ന സ്വപ്നം പാഴായി. 2014 ല്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ ഭരണകാര്യങ്ങളില്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ രാജ്യത്തിനു വേണ്ടി മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. ആ തിരഞ്ഞെടുപ്പ് സത്യത്തിന്റ അടിസ്ഥാനത്തിലായിരിക്കണം. മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്ക് ജനം മറുപടി കൊടുക്കണമെന്നും പുസ്തകത്തില്‍ ആഹ്വാനം ചെയ്യുന്നു.

pathram:
Related Post
Leave a Comment