ഒടുവില്‍ പ്രഖ്യാപനം വന്നു; വടകരയില്‍ മുരളീധരന്‍ തന്നെ

ന്യൂഡല്‍ഹി: വടകര ലോക്സഭ മണ്ഡലത്തില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ടോടെ പുറത്തിറക്കിയ രണ്ടുമണ്ഡലങ്ങളുടെ സ്ഥാനാര്‍ഥി പട്ടികയിലാണ് വടകരയും ഇടംപിടിച്ചത്. വടകരയോടൊപ്പം ജമ്മു കശ്മീരിലെ അനന്തനാഗിലെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുലാം അഹമ്മദ് മിര്‍ ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

നേരത്തെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ വടകരയിലും വയനാട്ടിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നില്ല. വയനാടും വടകരയും പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു വിശദീകരണം. പിന്നീട് വടകരയില്‍ കെ. മുരളീധരനും വയനാട്ടില്‍ ടി. സിദ്ദീഖും മത്സരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഇതിനുപിന്നാലെ രണ്ടുപേരും മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിച്ചെങ്കിലും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രഖ്യാപനം വൈകി.

ഇതിനിടെയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. രാഹുല്‍ഗാന്ധി മത്സരിച്ചേക്കുമെന്ന സൂചന വന്നതോടെ ടി.സിദ്ദീഖ് മത്സരരംഗത്തുനിന്ന് പിന്മാറി. എന്നാല്‍ ഇതിനുശേഷവും രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം വൈകിയതോടെ വടകരയുടെ കാര്യവും അനിശ്ചിതത്വത്തിലാവുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 31-ന് വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയനേതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കകമാണ് വടകരയിലെയും ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.

pathram:
Leave a Comment