സ്ഫടികം 2 ടീസര്‍ ഇറങ്ങി; എന്ത് ദുരന്തമാണെന്ന് ആരാധകര്‍; ഡിസ് ലൈക്ക് നിറയുന്നു…

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. സ്ഫടികത്തിന്റെ രണ്ടാം ഭാഗം സംവിധായകന്‍ ബിജു ജെ. കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ് ടീസര്‍. എന്തായാലും ടീസറിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സീരിയല്‍ ഇതിലും ഭേദമായിരിക്കും എന്നാണ് ചിലരുടെ കമന്റ്. ചിത്രത്തിന്റെ പേര് മാറ്റണം എന്നാവശ്യപ്പെടുന്നവരും നിരവധിയാണ്. യൂട്യൂബില്‍ ഡിസ്ലൈക്ക് നിറയുകയാണ് ട്രെയ്‌ലര്‍. ചിത്രത്തില്‍ അഭിനയിക്കുന്നവരെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടില്ല.

സ്ഫടികം റിലീസായി 24 വര്‍ഷം തികയുന്നത് പ്രമാണിച്ചാണ് ഇന്നു തന്നെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരേ സ്ഫടികം സംവിധായകന്‍ ഭദ്രന്‍ അടക്കം രംഗത്തെത്തിയിരുന്നു. കൂടാതെ ആരാധകരും സ്ഫടികത്തിന്റെ പേര് ഉപയോഗിക്കുന്നതിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ സണ്ണി ലിയോണി എത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്.

നാല് വര്‍ഷം കഷ്ടപ്പെട്ട് ഗവേഷണം ചെയ്താണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് എന്നാണ് ബിജു പറയുന്നത്. എന്നാല്‍ ബിജുവിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ രോക്ഷപ്രകടനവുമായി എത്തിക്കഴിഞ്ഞു. നേരത്തെ യുവേഴ്‌സ് ലൗവിങ്‌ലി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ബിജു.

pathram:
Related Post
Leave a Comment