ഞാനീ കളിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്..!!! സോഷ്യല്‍ മീഡിയ വാഗ്വാദം മതിയാക്കിയെന്ന് ദീപ നിശാന്ത്

തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാഗ്വാദങ്ങളില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് എഴുത്തുകാരി ദീപാ നിശാന്ത് . കൃത്യമായി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്റെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് താന്‍ വിമര്‍ശനമുന്നയിച്ചതെന്ന് ദീപാ നിശാന്ത് പറഞ്ഞു. വസ്തുതാപരമായ ഒരു പിഴവാണ് ചൂണ്ടിക്കാട്ടിയത്. അതിനെച്ചൊല്ലിയുണ്ടായ മറ്റു വാദങ്ങളെല്ലാം ആരോപിതാര്‍ഥങ്ങളാണെന്ന് ദീപ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രമ്യാ ഹരിദാസിനെ വിമര്‍ശനച്ചതിന്റെ പേരില്‍ രമ്യ സവര്‍ണതയെ ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ദീപയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഞാനൊരു ‘പാര്‍ട്ടികുടുംബത്തില്‍ ‘നിന്നും വരുന്ന ആളല്ല. ആ പ്രയോഗം തന്നെ തെറ്റാണെന്നറിയാം. മനപ്പൂര്‍വ്വം ഉപയോഗിച്ചതാണ്. ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്ബര്യവും ഞാന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും എന്ന പോലെ തന്നെ വീട്ടിലേക്ക് വോട്ടു ചോദിക്കാന്‍ വരുന്ന എല്ലാ പാര്‍ട്ടിക്കാരെയും ചിരിച്ച് സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് വരുമ്‌ബോള്‍ ഇഷ്ടമുള്ള ‘വ്യക്തി’കള്‍ക്ക് വോട്ടു രേഖപ്പെടുത്തുന്ന അരാഷ്ട്രീയ ചുറ്റുപാടിലാണ് വളര്‍ന്നത്.’ രാഷ്ട്രീയം’ പടിക്കു പുറത്ത് നിര്‍ത്തേണ്ടുന്ന സംഗതിയാണെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഇപ്പോഴും വീട്ടിലുണ്ട്. മക്കളെ ചേര്‍ക്കാന്‍ ഒരു സ്‌കൂള്‍ തിരഞ്ഞെടുക്കുമ്‌ബോള്‍ പോലും ‘നമ്മടാള്‍ക്കാരുടെ സ്‌കൂള്‍ ‘ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ആളുകള്‍ ബന്ധുക്കളിലുണ്ട്. ബന്ധുക്കളില്‍ മാത്രമല്ല, സുഹൃത്തുക്കളിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും അത്തരം ആളുകളെ കണ്ടിട്ടുണ്ട്.ഇതൊന്നും ‘കഠിനസമരപാതകള്‍ ‘ ആയിട്ടല്ല എഴുതുന്നത്. കടന്നു പോന്ന അന്തരീക്ഷത്തെപ്പറ്റി സൂചിപ്പിച്ചതാണ്. അതിന് ബഹുവിധ സോഷ്യല്‍ ഓഡിറ്റിംഗുമുണ്ടാകും. നടക്കട്ടെ.

ഇത്രയും പറഞ്ഞത് രാഷ്ട്രീയാവബോധം എനിക്ക് പരമ്ബരയാ കിട്ടിയ ഒന്നല്ലെന്ന് പറയാന്‍ വേണ്ടി മാത്രമാണ്. അതില്‍ പാകപ്പിഴകള്‍ ധാരാളമുണ്ടാകാം. എന്റെ രാഷ്ട്രീയബോധം ഞാന്‍ തന്നെ ഉരച്ചുരച്ച് മിനുക്കിയെടുക്കാന്‍ നോക്കിക്കൊണ്ടേയിരിക്കുന്ന ഒന്നാണ്. വായനയിലൂടെ, ജീവിതാനുഭവങ്ങളിലൂടെ ഒക്കെയും അതിനെ നവീകരിച്ചുകൊണ്ടേയിരിക്കുന്നു.

കേരളവര്‍മ്മ കോളേജ് പഠിക്കാനായി തെരഞ്ഞെടുത്തത് കാഴ്ചപ്പാടില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാലും ഒരു സംഘടനയുടേയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിന് കഴിഞ്ഞിട്ടില്ല എന്നതാകണം കൂടുതല്‍ ശരി.അതിന് പല കാരണങ്ങളുമുണ്ട്.ഒരിക്കല്‍ ഒരു തെരഞ്ഞെടുപ്പുകാലത്ത് ‘എസ് എഫ് ഐ ‘ യുടെ ബാഡ്ജ് കുത്തി കൂട്ടുകാരായ സംഗീതയോടും ജയയോടും ദിവ്യയോടുമൊപ്പം പ്രചരണം നടത്തിയതിന് ഞാനനുഭവിച്ച സംഘര്‍ഷങ്ങള്‍ അവര്‍ക്കറിയാം. ആ സംഘര്‍ഷങ്ങളെ അതിജീവിക്കാനുള്ള ആത്മധൈര്യം അന്നില്ലായിരുന്നു എന്നത് ആത്മനിന്ദയോടെ തന്നെ ഇന്നോര്‍ക്കുന്നു. നിലച്ചുപോയേക്കാവുന്ന വിദ്യാഭ്യാസവും പ്രണയസംഘര്‍ഷങ്ങളും എന്നെ ഏറ്റവും സ്വാര്‍ത്ഥയായ ഒരു അരാഷ്ട്രീയ ജീവിയായിത്തന്നെ തളച്ചിട്ടു.

ഞാനൊരു സമരത്തിലും പങ്കെടുത്തില്ല. വ്യക്തിപരമായ സംഘര്‍ഷത്തിനപ്പുറം ഒരു സാമൂഹിക സംഘര്‍ഷത്തിലും ഞാന്‍ ഭാഗഭാക്കായില്ല. ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കാനും തല്ലും കല്ലേറും കൊള്ളാനും പുറത്താക്കപ്പെടാനും മറ്റു കുട്ടികളുടെ ആവശ്യത്തിന് ഓടി നടക്കാനും കലോത്സവങ്ങളില്‍ ഉറക്കമിളയ്ക്കാനും സ്‌റ്റേജിന്റെ പിന്നാമ്ബുറങ്ങളില്‍ കത്തുന്ന വയറിനെ വകവെക്കാതെ പാഞ്ഞു നടക്കാനും ഞാന്‍ മിനക്കെട്ടില്ല. അതിനൊക്കെ കുറേപ്പേര്‍ വേറെയുണ്ടായിരുന്നു.അവര്‍ നഷ്ടങ്ങളൊന്നും വകവെക്കാതെ നടന്നു. പലരും അടയാളങ്ങള്‍ ബാക്കി വെക്കാതെ ക്യാംപസില്‍ നിന്നും പടിയിറങ്ങി. അവരെപ്പോലുള്ളവര്‍ക്ക് എടുത്തുകാട്ടാന്‍ റാങ്ക് സര്‍ട്ടിഫിക്കറ്റുമുണ്ടായില്ല. എടുത്തു പറയത്തക്ക ഒരു നഷ്ടവും ഉണ്ടാകാതെ ഞങ്ങളെപ്പോലുള്ളവര്‍ അധ്യാപകരുടെ ലാളനയ്ക്ക് പാത്രമാകുന്ന നിഷ്പക്ഷ വംശാവലിയില്‍ ഇടം പിടിച്ചു.

ആ എന്നെ ഏറ്റവുമധികം വെറുക്കുന്നത് ഞാന്‍ തന്നെയാണ്. ചുറ്റുമുള്ളവര്‍ക്ക് എത്ര പ്രിയപ്പെട്ടവളായിരുന്നാലും ആ അരാഷ്ട്രീയ കാലഘട്ടം ഇന്നും ദേഹത്തിഴയുന്ന തേരട്ടയാണ്.

ആ അരാഷ്ട്രീയ കാലഘട്ടമാണ് എന്നെപ്പോലുള്ളവരെ രാഷ്ട്രീയം പറയാന്‍ യോഗ്യതയുള്ള 916 കാരില്‍ നിന്നും തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തപ്പെടുന്നത്.രാഷ്ട്രീയം സംസാരിക്കുമ്‌ബോള്‍ നമുക്ക് പലരുടേയും ‘തറവാടിത്തഘോഷണങ്ങളുടെ ‘വിഴുപ്പലക്കലുകള്‍ കേള്‍ക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയോ പാരമ്ബര്യത്തിലൂടെയോ കടന്നുപോന്ന ആ
‘രാഷ്ട്രീയത്തറവാടിത്തം’ അവകാശപ്പെടാനില്ലാത്ത ഒരാള്‍ രാഷ്ട്രീയം പറയുന്നതെന്തിനാണ്?? അത് ഭൗതികമായ നേട്ടങ്ങള്‍ക്കു വേണ്ടിയല്ലാതെ മറ്റെന്തിനു വേണ്ടിയാണ്? തെരഞ്ഞെടുപ്പില്‍ ഒരു സീറ്റൊപ്പിക്കാനുളള തന്ത്രമല്ലേ അത്?പുസ്തകത്തിന് മാര്‍ക്കറ്റുണ്ടാക്കാനല്ലേ? അല്ലാതെ പിന്നെന്തിനാണ് ?

കഴിഞ്ഞ മൂന്നാലു വര്‍ഷമായി ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയതു മുതല്‍ നേരിട്ട ഓഡിറ്റിംഗ് അതിഭീകരമാണ്. 2015 ഒക്ടോബര്‍ ആദ്യവാരം മുതലാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്ലൊരു ‘ വിഭവ’മായത്.ധ ഈ പോസ്റ്റ് ഏതെങ്കിലും ഓണ്‍ലൈന്‍ മീഡിയ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ‘ ദീപാ നിശാന്ത് നല്ലൊരു വിഭവം ‘ എന്നായിരിക്കും ചിലപ്പോള്‍ തലക്കെട്ട്. അല്ലെങ്കില്‍ ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദീപാനിശാന്ത് ‘. രണ്ടായാലും ലൈക്കും ഷെയറും വേണ്ടുവോളം കിട്ടും.പ മനുഷ്യനാണ് ഏറ്റവും നല്ല മാര്‍ക്കറ്റിംഗ് ടൂള്‍. വിപണിയിലാണ് നമ്മള്‍ നില്‍ക്കുന്നത്. നമ്മളെത്തന്നെ ചിലപ്പോള്‍ ചിലരങ്ങ് മുറിച്ചുവിറ്റു കളയും. മുറിക്കുമ്‌ബോള്‍ രക്തം പൊടിയുന്നുണ്ടോ? വേദനിക്കുന്നുണ്ടോ? എന്നതൊന്നും ആരുടേയും പരിഗണനാവിഷയമേയല്ല.

ഇതൊന്നും എഴുതുന്നത് ഇരവാദമായിട്ടല്ല. ഒരു കണ്ണീര്‍ക്കഥയിലേയും നായികയായി നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല.’ ആങ്ങള സംരക്ഷണവലയ’വും ആവശ്യമില്ല. എന്റെ പിഴവുകളുടെ എല്ലാ കര്‍തൃത്വഭാരവും ഞാനേറ്റെടുക്കുന്നു. അതിന് മറ്റാരെയും പഴിചാരേണ്ടതില്ല. ഞാനാരുടേയും വക്താവല്ല. കൃത്യമായി തിരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്റെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് ഞാന്‍ പറഞ്ഞത്. വസ്തുതാപരമായ ഒരു പിഴവാണ് ചൂണ്ടിക്കാട്ടിയത്. മറ്റെല്ലാം ആരോപിതാര്‍ത്ഥങ്ങളാണ്. നിങ്ങളുടെ വ്യാഖ്യാനങ്ങളാണ്. നിങ്ങളുടെ ആനന്ദങ്ങളാണ്. അത് തുടരുക. ഞാനീ കളിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്.

എനിക്ക് പറയാന്‍ വെയിലു കൊണ്ട കണക്കില്ല. എന്റെ എഴുത്ത് രാഷ്ട്രീയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.രാഷ്ട്രീയവല്‍ക്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ലെന്ന മാര്‍ത്താ ഹാര്‍നേക്കറുടെ വാക്കുകള്‍ ഓര്‍ത്ത് മുന്നോട്ട് നടക്കുന്നു.

pathram:
Related Post
Leave a Comment