ഗെയ്ല്‍ ബിജെപിയില്‍ ചേര്‍ന്നോ..? സത്യാവസ്ഥ ഇതാണ്…

വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്താന് ഇറങ്ങി എന്ന വാര്‍ത്ത ചില ബിജെപി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപ്പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത്. കാവി കുറിയും, ബിജെപിയുടെ നിറത്തോട് ഇണങ്ങുന്ന കൂര്‍ത്തയും ധരിച്ചുള്ള ഗെയിലിന്റെ ചിത്രം ഈ പ്രചരണങ്ങളില്‍ ഉള്‍കൊള്ളിച്ചത് കാണാം.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ കാലത്തും ഇത്തരത്തില്‍ ഗെയില്‍ ബിജെപിയില്‍ ചേരുന്നു ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചരണം ഉണ്ടായിരുന്നു. അന്ന് ഈ പ്രചരണം കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു എന്ന് മാത്രം. ആ സമയത്ത് ബിജെപി ഷാള്‍ കഴുത്തിലിട്ട് നടന്ന് വരുന്ന ഗെയിലിന്റെ ചിത്രമായിരിക്കും വാര്‍ത്തയ്ക്ക് ഒപ്പം പ്രചരിച്ചത്. അന്ന് ഗെയില്‍ പേര് മാറ്റി കൃഷ്ണ ഗോയില്‍ എന്നാക്കി പേര് എന്നും ബിജെപിയില്‍ ചേര്‍ന്നു എന്നുമാണ് ട്രോളായി ഒരാള്‍ പോസ്റ്റ് ഇട്ടത്. അതിനെ തുടര്‍ന്ന് ഇത് സത്യമാണെന്ന് കരുതിയാണ് പലരും പ്രചരിപ്പിച്ചത്.

ഇതേ പ്രചരണമാണ് ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും നടക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഫാക്ട് ചെക്ക് പ്രകാരം ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ ഗെയിലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ളവയാണ്. ആദ്യത്തെ ഒറഞ്ച് കൂര്‍ത്ത ചിത്രം ഏപ്രില്‍ 25, 2018 ല്‍ ഗെയില്‍ ഇട്ടതാണ്. രണ്ടാമത്തെ ചിത്രം ഏപ്രില്‍ 3 2018ന് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാന്‍ എത്തിയപ്പോള്‍ ഇട്ടതാണ്. അന്ന് ഹോട്ടലില്‍ സ്വീകരണത്തിന്റെ ഭാഗമായി അണിയിച്ച ഷാളില്‍ ബിജെപി ചിഹ്നമായ താമര ഫോട്ടോഷോപ്പ് ചെയ്താണ് ഇപ്പോള്‍ പ്രചരണം നടക്കുന്നത്. അതായത് ഗെയില്‍ ഇതുവരെ ബിജെപിക്ക് വേണ്ടി ഒരു പ്രചരണത്തിനും ഇറങ്ങുന്നില്ല എന്നതാണ് സത്യം എന്ന് ഈ ചിത്രങ്ങള്‍ തന്നെ തെളിയിക്കുന്നു.

pathram:
Leave a Comment