മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തിലേറാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നു; പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാല്‍ മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തിലേറാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നല്ലോ എന്നും മന്ത്രി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെയാണ് കൊച്ചുമകള്‍ പ്രിയങ്കാ ഗാന്ധിയുമെന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ഇന്ദിരാഗാന്ധിയുടെ മൂക്കാണ് പ്രിയങ്കാ ഗാന്ധിക്കുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നതെന്നും എന്നാല്‍ അതുകൊണ്ടൊന്നും ഭരണംകിട്ടുമെന്ന് ഉറപ്പില്ലെന്നും മാന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഗുജറാത്തിലെ ആനന്ദില്‍ ബി.ജെ.പി. വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി അടുത്തിടെയാണ് ചുമതലയേറ്റത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അവരുടെ വേഷവിധാനങ്ങളും മറ്റും നേരത്തെ ചര്‍ച്ചയായിരുന്നു. മുന്‍ പ്രധാനമന്ത്രിയും മുത്തശ്ശിയുമായ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുംവിധമാണ് പ്രിയങ്കാ ഗാന്ധിയുടെ വേഷവിധാനങ്ങളെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

pathram:
Related Post
Leave a Comment