ബിജെപി തൂത്തുവാരും; മോദി തരംഗം സുനാമിപോലെ ആഞ്ഞടിക്കും; 25 വര്‍ഷം സിപിഎം ഭരിച്ച ത്രിപുരയോളം വരില്ല കേരളം: ബിപ്ലബ് കുമാര്‍

അഗര്‍ത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി സഖ്യം തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കും. മറ്റുള്ളവരെല്ലാം കടപുഴകും. 25 വര്‍ഷം സിപിഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ആ സിപിഎമ്മിനെയാണ് ഇവിടെ പുറത്താക്കിയത്. കേരളം അത്രയൊന്നുമില്ലല്ലോ. ഈ തെരഞ്ഞെടുപ്പോടെ ത്രിപുരയില്‍ സിപിഎമ്മിന്റെ അടിവേര് ഇളകുമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.

‘ത്രിപുരയിലെ സിപിഎം ഭരണം അവസാനിപ്പിക്കാമെന്ന് ആരെങ്കിലും കരുതിയതാണോ? നരേന്ദ്ര മോദിയിലൂടെ ത്രിപുര മുക്തമായി. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ഒന്നുമല്ല ത്രിപുരയിലെ ജനത്തിന്റെ വിഷയം. അവര്‍ വീണ്ടും മോദിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു. 20 സീറ്റെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേടും. അതില്‍ കൂടുതലും നേടാം’ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് രാഹുല്‍ എവിടെ നിന്ന് മത്സരിക്കുന്നുവെന്നത് ബിജെപിയെ ബാധിക്കുന്ന കാര്യമല്ലെന്നും എവിടെയാണെങ്കിലും രാഹുല്‍ ഗാന്ധി തന്നെയല്ലേ മത്സരിക്കുന്നതെന്നുമായിരുന്നു ത്രിപുര മുഖ്യന്റെ മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ട്രെയിലറാകും. ബിപ്ലബ് കുമാര്‍ ദേബ് കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment