19 പന്തില്‍ 49 റണ്‍സ്…!!! റസ്സലിന്റെ ബാറ്റിങ്ങില്‍ ഐപിഎല്‍ ആവേശ ലഹരിയില്‍

ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് വീരനായി വീണ്ടും വിന്‍ഡീസ് താരം ആന്ദ്രേ റസല്‍. 19 പന്തില്‍ 49 റണ്‍സുമായി റസല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിലെ ‘റസല്‍’മാനിയയെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ താരങ്ങളുള്‍പ്പെടെ റസലിന്റെ ബാറ്റിംഗില്‍ ആവേശപുളകിതരായി. ഹൈദരാബാദ്- കൊല്‍ക്കത്ത മത്സരത്തിന് പിന്നാലെ ട്വിറ്ററിലെ ക്രിക്കറ്റ് ചര്‍ച്ചയാവുകയായിരുന്നു ആന്ദ്രേ റസല്‍.

ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 182 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റിന് മറികടന്നു. റസല്‍ 19 പന്തില്‍ 49 റണ്‍സും ശുഭ്മാന്‍ ഗില്‍ 10 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. 18-ാം ഓവറില്‍ റാണയെ 19 റണ്‍സ്. തൊട്ടടുത്ത ഭുവിയുടെ ഓവറില്‍ 21 റണ്‍സ് എന്നിങ്ങനെയായിരുന്നു ഇരുവരുടെയും വെടിക്കെട്ട്. ഷാക്കിബിന്റെ അവസാന ഓവറില്‍ രണ്ട് സിക്സ് പറത്തി ഗില്‍ കൊല്‍ക്കത്തയെ ജയിപ്പിച്ചു. നിതീഷ് റാണയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയും(68) നിര്‍ണായകമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറിയില്‍(53 പന്തില്‍ 85) നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 181 റണ്‍സെടുത്തു. ‘പന്ത് ചുരണ്ടല്‍’ വിവാദത്തിലെ വിലക്കിന് ശേഷം ഐപിഎല്ലില്‍ ശക്തമായി തിരിച്ചെത്തുകയായിരുന്നു വാര്‍ണര്‍. ബെയര്‍‌സ്റ്റോ(39) റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വിജയ് ശങ്കര്‍ 24 പന്തില്‍ 40 റണ്‍സെടുത്തു. ബൗളിംഗിലും തിളങ്ങിയ റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

pathram:
Related Post
Leave a Comment