അന്ന് വയനാട്ടില്‍ മത്സരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞത് ഇതായിരുന്നു…

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇക്കാര്യം രാഹുലിനോട് ചെന്നിത്തല ചോദിച്ചപ്പോള്‍ രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒരു സൗഹൃദ സംഭാഷണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിച്ചുകൂടെ എന്ന് ചെന്നിത്തല ചോദിച്ചത്. വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ കേരളത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയിലും അതിന്റെ ആവേശതരംഗം പ്രതിഫലിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

രാഹുല്‍ കര്‍ണാടകത്തില്‍ മത്സരിക്കണമെന്ന് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു ആവശ്യവുമായി കേരളത്തില്‍ നിന്നും ഉയര്‍ന്നത്. രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്ന് ജനവിധി തേടിയാല്‍ കോണ്‍ഗ്രസ് സംവിധാനം പ്രതിസന്ധികളില്‍ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിര്‍ദ്ദേശം.

എന്നാല്‍, വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുല്‍ പറഞ്ഞു. പക്ഷേ ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിലാണ് തന്റെ ശ്രദ്ധ മുഴുവനെന്നും അമേഠിയില്‍ നിന്നുതന്നെ മത്സരിക്കാനാണ് തീരുമാനമെന്നും രാഹുല്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും ഇപ്പോള്‍ ആ സാഹചര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ രാഹുലിന്റെ തീരുമാനം ഇന്നു തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം മുമ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എം എല്‍ എമാരായ വി ടി ബല്‍റാമും കെ എ ഷാജിയും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നുള്ള എം പിയാണ് രാഹുല്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബി ജെ പി രംഗത്തിറക്കുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ എതിരാളി. അമേഠിയില്‍ വിജയസാധ്യതയെ കുറിച്ച് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിനായി പാര്‍ട്ടി സുരക്ഷിതമണ്ഡലം തേടുന്നത്. തമിഴ്‌നാട്ടില്‍നിന്ന് രാഹുലിനെ മത്സരിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

pathram:
Leave a Comment