ചാഴിക്കാടനെ ജനങ്ങള്‍ ഹൃദയത്തിലേറ്റി കഴിഞ്ഞു; കോട്ടയത്ത് ആവേശം വിതറി ചെന്നിത്തല

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണ് ചെന്നിത്തല എത്തിയത്. തോമസ് ചാഴിക്കാടനെ ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്വീകരിച്ച് കഴിഞ്ഞുവെന്ന് ചെന്നിത്തല പറഞ്ഞു.

തോമസ് ചാഴിക്കാടന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ചെന്നിത്തലയുടെ ഓരോ വാക്കുകളും പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 91 ലെ ദുരന്തത്തെക്കുറിച്ചും ചെന്നിത്തല അനുസ്മരിച്ചു. അന്ന് കോട്ടയത്ത് ലോക്സഭാ സ്ഥാനാര്‍ഥിയായ രമേശ് ചെന്നിത്തലയും ഏറ്റുമാനൂരില്‍ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന ബാബു ചാഴിക്കാടനും ഒരേ പ്രചാരണ വാഹനത്തില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോഴായിരുന്നു ചെന്നിത്തലയുടെ ഇടത് വശത്ത് തോള്‍ ചേര്‍ന്ന് നിന്ന ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചു വീഴുന്നത്.

ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചെന്നിത്തല യുഡിഎഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. അന്ന് ആദ്യം പ്രചരിച്ചത് രണ്ടുപേരും മരിച്ചെന്നായിരുന്നു. പക്ഷെ ഞാനെങ്ങനെയോ രക്ഷപെട്ടു. അന്ന് ഐസിയുവില്‍ കിടന്ന ഞാന്‍ 3 ദിവസം കഴിഞ്ഞാണ് ബാബു മരിച്ച വിവരം അറിയുന്നത്. വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു പോയി.

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം അതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. അതിനാല്‍തന്നെ തനിക്ക് ഏറ്റവും ആത്മബന്ധമുള്ള ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് തോമസ് ചാഴിക്കാടന്‍ മത്സരിക്കുന്ന കോട്ടയമെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലും ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.

ചെന്നിത്തലയെ കൂടാതെ പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജോസ് കെ. മാണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ. തുടങ്ങിയ പ്രമുഖരും കണ്‍വന്‍ഷനു ആവേശം പകര്‍ന്നു. കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് കാറില്‍ വന്നിറങ്ങിയ തോമസ് ചാഴിക്കാടനെ തോളിലെടുത്താണ് പ്രവര്‍ത്തകര്‍ സ്റ്റേജിലേക്കെത്തിച്ചത്. പ്രവര്‍ത്തകരുടെ തിക്കും തിരക്കും കാരണം പലര്‍ക്കും കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് എത്താനായില്ല.

ഇതിനോടകം തന്നെ മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി പ്രചരണത്തില്‍ മുന്നേറാന്‍ തോമസ് ചാഴിക്കാടനായിട്ടുണ്ട്. ചാഴിക്കാടന്‍ തന്നെ ഇത്തവണ കോട്ടയത്തു നിന്നും ലോക്സഭയിലെത്തുമെന്ന് അണികള്‍ ഒന്നടങ്കം ഗ്രൂപ്പ് വ്യത്യാസമില്ലാതെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പിജെ ജോസഫ് വിഭാഗവും എതിര്‍പ്പുകളെല്ലാം മറന്ന് കൈമെയ് മറന്നാണ് ചാഴിക്കാടനായി വോട്ടഭ്യര്‍ത്ഥിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്.

pathram:
Related Post
Leave a Comment