സൗജന്യ ചികിത്സ വടക്കേ മലബാറുകാര്‍ക്ക് ആശ്വാസമാകും; സര്‍ക്കാര്‍ ഫീസില്‍ 100 എം.ബി.ബി.എസ്. സീറ്റുകള്‍; പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവായി. ഇതിനുള്ള നിയമതടസ്സങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തേ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

പരിയാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്‍ഡ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് അനുബന്ധസ്ഥാപനങ്ങളായ പരിയാരം മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളേജ് ഓഫ് നഴ്സിങ്, സ്‌കൂള്‍ ഓഫ് നഴ്സിങ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നിവയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്നത്. സ്ഥാപനങ്ങള്‍ കൈമാറാനുള്ള നടപടി പൂര്‍ത്തിയാകുന്നതുവരെ കളക്ടര്‍ക്കാകും ഇവയുടെ നിയന്ത്രണം.

കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മെഡിക്കല്‍-അനുബന്ധ കോഴ്സുകളില്‍ ഇവിടെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനാകും. മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേതുപോലെ ചികിത്സ സൗജന്യമാകുന്നത് ഉത്തരമലബാറിലെ ജനങ്ങള്‍ക്ക് ആശ്വാസമാകും.

എം.ബി.ബി.എസിന് 100-ഉം ബി.ഡി.എസിന് 60-ഉം സീറ്റുകളാണ് ഇവിടെയുള്ളത്. ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി, പീഡിയാട്രിക്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി., റേഡിയോ ഡയഗ്നോസിസ്, ചെസ്റ്റ് ഡിസീസ്, അനസ്തേഷ്യ, എമര്‍ജന്‍സി മെഡിസിന്‍, സൈക്യാട്രി, ഒഫ്താല്‍മോളജി, ഡി.എല്‍.ഒ. ഇ.എന്‍.ടി, ഡി.ഡി.വി.എല്‍. ഡെര്‍മറ്റോളജി, ഡി.ജി.ഒ., ഡി.സി.എച്ച്., ഡി. ഓര്‍ത്തോ, പത്തോളജി, മൈക്രോബയോളജി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിന്‍, എംഎസ്സി. നഴ്സിങ്, എം.ഫാം. ഫാര്‍മക്കോളജി, ഫാര്‍മസ്യൂട്ടിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായി 74 സര്‍ക്കാര്‍ പി.ജി. സീറ്റുകളുമുണ്ട്.

കാര്‍ഡിയോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ഒരു സീറ്റാണ് ഇപ്പോഴുള്ളത്. പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ കാര്‍ഡിയോ തൊറാസിക് നഴ്സിങ്, ബി.ഫാം., ബി.എസ്സി. എല്‍.എല്‍.ടി., ബി.എസ്സി. നഴ്സിങ്, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, റേഡിയോളജിക്കല്‍ ടെക്നോളജി, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജി, ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ജി.എന്‍.എം. എന്നീ കോഴ്സുകളിലായി 300-ഓളം സീറ്റുകളുമുണ്ട്.

pathram:
Related Post
Leave a Comment