ഉമ്മന്‍ചാണ്ടി കളി തുടങ്ങി; ചെന്നിത്തല ചര്‍ച്ച ബഹിഷ്‌കരിച്ച് ഡല്‍ഹിയില്‍നിന്ന് മടങ്ങി

ന്യൂഡല്‍ഹി: വയനാട് സീറ്റ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടി. സിദ്ദിഖ് ഉറപ്പിച്ചതോടെ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലേക്കു മാറി. സീറ്റ് നിര്‍ണയത്തില്‍ ഉമ്മന്‍ ചാണ്ടി ആധിപത്യം നേടിയതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചര്‍ച്ച ബഹിഷ്‌കരിച്ച് കേരളത്തിലേക്കു മടങ്ങി. അതേസമയം ഡല്‍ഹിയില്‍ തുടരുന്ന മുല്ലപ്പള്ളിക്കു മേല്‍ വടകരയില്‍ മത്സരിക്കാന്‍ സമ്മര്‍ദം മുറുകി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക പര്യടനത്തിലായതിനാലാണു തീരുമാനം വൈകുന്നത്. വടകരയില്‍ ഇടതുമുന്നണിയുടെ പി. ജയരാജനെതിരേ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യമാണു മുല്ലപ്പള്ളിയിലേക്കു നീളുന്നത്.

വടക്കന്‍കേരളത്തില്‍നിന്ന് ഈ ആവശ്യമുന്നയിച്ച് എ.ഐ.സി.സി. ആസ്ഥാനത്തേക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണനെ മാത്രമായിരുന്നു വടകരയിലേക്കു സ്‌ക്രീനിങ് കമ്മിറ്റി നിര്‍ദേശിച്ചത്. കൊല്ലം ഡി.സി.സി. അധ്യക്ഷ ബിന്ദു കൃഷ്ണയെ ഡല്‍ഹിക്കു വിളിച്ചുവരുത്തി വടകര സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അവര്‍ നിരസിച്ചു. ഇതോടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് ഇടപെട്ട്, മുല്ലപ്പള്ളിയോടു മത്സരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മത്സരിക്കാനില്ലെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യയ്ക്കൊപ്പം സജീവ് മാറോളി, അഡ്വ. പ്രവീണ്‍കുമാര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി വടകരയിലേക്കു മുല്ലപ്പള്ളി സാധ്യതാപ്പട്ടികയും നല്‍കി.

വയനാട് സീറ്റ് വിട്ടുതരാനാവില്ലെന്നും ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കണമെന്നുമായിരുന്നു ഐ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍, സിദ്ദിഖിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഉമ്മന്‍ ചാണ്ടി തയാറായില്ല. ഇതില്‍ ക്ഷുഭിതനായ രമേശ് അന്തിമതീരുമാനം ഹൈക്കമാന്‍ഡിനു വിട്ട് കേരളത്തിലേക്കു മടങ്ങി.

വയനാട്ടില്‍ മലപ്പുറം ഡി.സി.സി. അധ്യക്ഷന്‍ വി.പി. പ്രകാശിന്റെ പേരും ഉള്‍പ്പെട്ട സാധ്യതാപ്പട്ടിക ഹൈക്കമാന്‍ഡിനു മുന്നിലുണ്ട്. എ ഗ്രൂപ്പിന്റെ ആവശ്യത്തിനു വഴങ്ങിയാണ് ഇടുക്കിയിലെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്നും ആ രാഷ്ട്രീയമര്യാദ വയനാട്ടില്‍ അവര്‍ കാട്ടിയില്ലെന്നുമാണ് ഐ ഗ്രൂപ്പിന്റെ പരാതി.

pathram:
Related Post
Leave a Comment