റോഷന്‍ ആന്‍ഡ്രൂസ്- ആല്‍വിന്‍ ആന്റണി പ്രശ്‌നത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയെന്ന്‌ വെളിപ്പെടുത്തല്‍; റോഷന്റെ സന്ദേശം പുറത്തുവിട്ട് ആല്‍വിന്റെ മകന്‍

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരുന്നു. ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

എന്നാല്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സഹസംവിധായകനും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണി പറഞ്ഞു. താന്‍ മയക്കുമരുന്നിന് അടിമയാണെന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് ആല്‍വിന്‍ ജോണ്‍ ആന്റണി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

‘റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഞാന്‍ രണ്ടു സിനിമകളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍യുവില്‍ മാത്രമല്ല, മുംബൈ പോലീസിലും. ഞാന്‍ ജീവിതത്തില്‍ ഇന്നേ വരെ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിലെ ആരോടു വേണമെങ്കിലും അന്വേഷിക്കാം. മയക്കു മരുന്നു ഉപയോഗിച്ചാല്‍ എന്നെ പണ്ടേ എന്റെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയേനേ. എന്റെ ഡാഡി അറിയപ്പെടുന്ന നിര്‍മാതാവാണ്. ഞാന്‍ അങ്ങനെയൊക്കെ ചെയ്താല്‍ അതിന്റെ ചീത്തപ്പേര് അദ്ദേഹത്തിനാണ്. ഞാന്‍ പന്ത്രണ്ടോളം സിനിമകളില്‍ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. ലാല്‍ ജോസ്, ബി. ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ് എന്നിവരുടെ സിനിമകളില്‍. അവരോട് ചോദിച്ചു നോക്കൂ ഞാന്‍ മോശക്കാരന്‍ ആണോ അല്ലയോ എന്ന്.

നാല്‍പ്പത് ഗുണ്ടകളുമായാണ് എന്റെ വീട്ടിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് വന്നത്. ഞാന്‍ അവിടെ ഇല്ലായിരുന്നു. വീട്ടില്‍ മമ്മിയും ഡാഡിയും എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു. അനുജത്തിക്ക് പന്ത്രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് കൂടുതല്‍ ആക്രമിച്ചത്. എന്റെ മമ്മിയെ അവര്‍ തള്ളിയിട്ടു. അത്രയ്ക്ക് ഭീകരാന്തരീക്ഷമാണ് വീട്ടില്‍ അവര്‍ സൃഷ്ടിച്ചത്.

അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം ഞാന്‍ പറയാം. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചില്ല. അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്. ഇനി മറ്റൊരു കാര്യം ഞാന്‍ മയക്കു മരുന്നിന് അടിമയാണെന്നല്ലേ അദ്ദേഹം പറഞ്ഞത്.

എനിക്ക് റോഷന്‍ ആന്‍ഡ്രൂസ് അയച്ച ഒരു സന്ദേശം ഇപ്പോള്‍ പുറത്ത് വിടുകയാണ്. എന്നെ അദ്ദേഹത്തിന് വലിയ കാര്യമാണെന്നും ഭാവിയില്‍ എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്നും അതില്‍ അദ്ദേഹം വാക്ക് നല്‍കുന്നു. അതില്‍ ആ പെണ്‍കുട്ടിയെക്കുറിച്ചും പരാമര്‍ശമുണ്ട്. നിങ്ങള്‍ക്ക് വായിച്ച് തീരുമാനിക്കാം. മോശക്കാരനായ എന്നെ പുറത്താക്കിയതാണെങ്കില്‍ അദ്ദേഹം എന്തിന് ഇത്തരത്തിലുള്ള ഒരു സന്ദേശം എനിക്ക് അയക്കണം. എനിക്ക് അദ്ദേഹത്തില്‍ നിന്നും ഭീഷണിയുണ്ട്. വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്’ ആല്‍വിന്‍ ജോണ്‍ ആന്റണി പറഞ്ഞു.


ആല്‍വിന്‍ ജോണ്‍ ആന്റണി തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നുമെന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വിശദീകരണം. ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരേ താനും പരാതി നല്‍കിയതായും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

pathram:
Related Post
Leave a Comment