കൊച്ചി: ശശിതരൂരിന്റെ മാതൃ സഹോദരിക്കും ബന്ധുക്കള്‍ക്കും അടക്കം 14പേര്‍ക്ക് ബിജെപിയില്‍ അംഗത്വം നല്‍കി. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ഇവരെ ഷാളണിയിച്ചാണ് പിഎസ് ശ്രീധരന്‍ പിള്ള സ്വീകരിച്ചത്. എന്നാല്‍ നേരത്തെ തന്നെ തങ്ങള്‍ ബിജെപിയിലാണെന്നും എന്തിനാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും തരൂരിന്റെ ചെറിയമ്മ ശോഭന ശശികുമാര്‍ പറഞ്ഞു.
ടോം വടക്കന്‍ ബിജെപിയിലെത്തിയതിനു പിന്നാലെയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി തരൂരിന്റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ശശിതരൂരിന്റെ ചെറിയമ്മ ശോഭന ശശികുമാര്‍, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കം 14 പേരെയാണ് പിഎസ് ശ്രീധരന്‍പിള്ള ഷാളണിയിച്ച് ബിജെപിയില്‍ ചേര്‍ത്തത്.
കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൂടി ബിജെപിയില്‍ ചേരാന്‍ സമീപിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ബിജെപിയില്‍ ചേരാനുള്ള കാരണം മാധ്യമപ്രവര്‍ത്തകര്‍ ശശി തരൂരിന്റെ കുടുംബാംഗങ്ങളോട് ചോദിച്ചത്.
‘ഞങ്ങള്‍ പണ്ടേ ബിജെപി അനുഭാവികളാണ്, ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ല. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണ്. അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കാം’, ശോഭന ശശികുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
കൊച്ചിയില്‍ സ്വകാര്യ ഹോട്ടലിലാണ് ചടങ്ങ് നടന്നത്. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴാണ് ബിജെപിക്കാര്‍ തന്നെയായിരുന്നു തങ്ങളെന്നും എന്തിനാണ് അംഗത്വ വിതരണ ചടങ്ങ് ഇപ്പോള്‍ നടത്തിയത് എന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചത്.
Leave a Comment