ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പായി മാധ്യമങ്ങളോടാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനിടെ ഇടുക്കിയില്‍ പി.ജെ.ജോസഫിന് സീറ്റ് നല്‍കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചു. ഇത്തരത്തില്‍ ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും കേരളത്തിലെ നേതാക്കള്‍ അറിയിച്ചു. കെ.കെ രമയെ വടകരയില്‍ കോണ്‍ഗ്രസ് പിന്തുണക്കാനുള്ള സാധ്യതകളും ഇതോടെ അസ്തമിച്ചു.
കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം സ്ഥാനാര്‍ഥികളുടെകാര്യത്തില്‍ പൂര്‍ണ്ണ ചിത്രം വരും. നാളെ പ്രഖ്യാപനവും ഉണ്ടാകും. കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ അഞ്ചോ ആറോ സീറ്റുകളില്‍ മാത്രമേ അന്തിമ തീരുമാനമാകാത്തതുള്ളൂ.
കെ.സി വേണുഗോപാല്‍ മത്സരിക്കുന്നതില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ വയനാട് ആലപ്പുഴ സീറ്റുകളില്‍ തീര്‍പ്പുണ്ടാകൂ. ഇതുവരെയുള്ള ചര്‍ച്ചകള്‍ പ്രകാരം ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും, തൃശൂരില്‍ ടി.എന്‍ പ്രതാപനും ചാലക്കുടിയില്‍ ബെന്നി ബെഹനാനും ആലത്തൂരില്‍ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സ്ഥാനാര്‍ഥികളാകാനാണ് സാധ്യത.
എറണാകുളത്ത് കെ.വി തോമസിനെ മാറ്റിയാല്‍ ഹൈബി ഈഡനോ അല്ലെങ്കില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയോ വന്നുകൂടായ്കയില്ല. പത്തനംതിട്ടയിലും അന്തിമ തീരുമാനമായിട്ടില്ല. പി.സി വിഷ്ണുനാഥ് ആലപ്പുഴയിലോ പത്തനംതിട്ടയിലോ ഉള്‍പ്പെട്ടില്ലെങ്കില്‍ കാസര്‍കോട് സ്ഥാനാര്‍ഥിയായി വരാനും സാധ്യതയുണ്ട്. വയനാട്ടില്‍ നറുക്ക് വീണില്ലെങ്കില്‍ വടകരയില്‍ ടി. സിദ്ദിഖ് സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ മാത്യു കുഴല്‍നാടന്‍, ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ് ഇവരില്‍ ഒരാള്‍ക്കാണ് സാധ്യത.
ഇടുക്കിയില്‍ പി.ജെ.ജോസഫിനേയും വടകരയില്‍ കെ.കെ.രമയേയും സ്വതന്ത്രരായി മത്സരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന് ഇക്കാര്യത്തില്‍ താത്പര്യമില്ലാത്ത സ്ഥിതിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.
Leave a Comment