മുഹമ്മദ് ഷമിക്കെതിരേ ലൈംഗിക പീഡന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി

കൊല്‍ക്കത്ത: ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡന കേസുകളില്‍ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ കൊല്‍ക്കത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷമിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ആലിപോര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണിത്.

സ്ത്രീധന പീഡനം (സെക്ഷന്‍ 498എ) ലൈംഗീകാതിക്രമം (354എ) എന്നിങ്ങനെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഷമിക്കെതിരേ ചുമത്തിയിരിക്കുന്നത്. വധശ്രമം, ബലാത്സംഗം എന്നീ വകുപ്പുകള്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത് ഇന്ത്യന്‍ താരത്തിന് ആശ്വാസമായി.

ജൂണ്‍ 22നാണ് കേസ് പരിഗണിക്കുക. നേരത്തെ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരേ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു. കൂടാതെ ഏതാനും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഷമിയുടെ സഹോദരന്‍ ഹസിബ് അഹമ്മദിനെതിരെയും ഇതേവകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷമിയും ഭാര്യ ഹസിനും നാളുകളായി അകന്ന് കഴിയുകയാണ്. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഷമി വാതുവെയ്പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി ഷമിയുമായുള്ള കരാര്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ഗ്രേഡ് എ കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അതേസമയം പൊലീസ് നടപടിയെപ്പറ്റി ഷമിയോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. ലോകകപ്പ് ടീമിലെ ഷമിയുടെ സ്ഥാനത്തെ ഇത് ബാധിക്കുമോയെന്ന് വ്യക്തമല്ല.

pathram:
Leave a Comment