ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പിന്നാലെ നല്‍കും. സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം വിളച്ചത്. ഇതില്‍ ശബരിമലയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.

ശബരിമല പ്രശ്‌നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് ടീകാ റാം മീണ വ്യക്തമാക്കി. വിഷയത്തില്‍ അടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ചയില്‍ ഏത് ഘട്ടം വരെ ഇതിന്റെ പരിധി ആകാമെന്ന കാര്യത്തില്‍ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയില്‍ വരുന്ന രീതിയില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ടികാ റാം മീണ അറിയിച്ചു. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണം. ഫോം 26 ല്‍ ഇത് രേഖപ്പെടുത്തണം. ഇത് തെറ്റാണെന്ന് കണ്ടാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ പത്രസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,54,08,711ആണ്.

1,22,97,403 പുരുഷ വോട്ടര്‍മാരും 1,31,11,189 സ്ത്രീവോട്ടര്‍മാരും ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരായി 119 പേരും ഇത്തവണത്തെ വോട്ടര്‍ പട്ടികയിലുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ്. 30,47,923 വോട്ടര്‍മാരാണ് മലപ്പുറത്തുനിന്ന് വോട്ടര്‍പട്ടികയിലുള്ളത്.

ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് വയനാടാണ്. 5,81,245 വോട്ടര്‍മാരാണ് ഇത്തവണ വയനാടുള്ളത്.

വോട്ടര്‍പട്ടിക അന്തിമമായിട്ടില്ല. ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം

വോട്ടിങ് മെഷിനേപ്പറ്റി പ്രചരിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം.

ആരോപണങ്ങള്‍ ആരും വിശ്വസിക്കരുത്.

ജനങ്ങളുടെ ഇടയില്‍ സംശയവും ഭയവും പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അത് വലിയ കുറ്റകൃത്യം അത് അനുവദിക്കാനാകില്ല.

ആരോപണം ഉന്നയിക്കുന്ന ആളുടെ ഉത്തരവാദിത്തമാണ് അത് തെളിയിക്കുക എന്നത്. ആരോപണം ഉന്നയിക്കുന്ന ആള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

ഇലക്ടോണിക് വോട്ടിങ് മെഷിനെപ്പറ്റിയും വിവിപാറ്റ് മെഷിനെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഓരോ ജില്ലയിലും ബോധവത്കരണം നടത്തും.

അടുത്ത 16 ന് എല്ലാ മാധ്യമങ്ങള്‍ക്കുമുന്നിലും വോട്ടിങ് മെഷിനുകള്‍ പ്രദര്‍ശിപ്പിക്കും

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ എന്ന മൊബൈല്‍ ആപ്പ് ഇത്തവണ മുതല്‍ സജീവമാക്കും.

ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ മൊബൈലില്‍ വീഡിയോ, ചിത്രങ്ങള്‍ എന്നിവ എടുത്ത് അയക്കാന്‍ ഏത് പൗരനും സാധിക്കും.

ഇത് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് എത്തുക, ഉടനടി നടപടിയുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് വോട്ടര്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഇതുകൂടാതെ തിരഞ്ഞെടുപ്പ് ഓഫീസിലും ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. 18004251966 എന്നതാണ് നമ്പര്‍.

70 ലക്ഷമാണ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചിലവായി നിജപ്പെടുത്തിയിരിക്കുന്നത്. 10,000 രൂപയ്ക്ക് മുകളില്‍ ചിലവഴിക്കുന്നുവെങ്കില്‍ അതിന് ചെക്ക്, ഡ്രാഫ്റ്റ് എന്നിവവഴി മാത്രമേ നടത്താന്‍ പാടുള്ളു.

pathram:
Leave a Comment