പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചെന്ന് സര്‍വ്വേ; രാഹുല്‍ രണ്ടാമന്‍

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചെന്ന് സര്‍വ്വേ. ടൈംസ് നൗവും വിഎംആറും സംഘടിപ്പിച്ച സര്‍വേയിലാണ് പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം മോദിയുടെ മൂല്യം 7 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്ത 52 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു. 27 ശതമാനം മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നത്. പ്രാദേശിക നേതാക്കള്‍ക്കു ലഭിച്ച വോട്ട് 7.3 ശതമാനം. ജനുവരിയില്‍ നടന്ന വോട്ടെടുപ്പില്‍ 44.4 ശതമാനം പിന്തുണയായിരുന്നു മോദിക്കു ലഭിച്ചത്. 30 ശതമാനം രാഹുലിനും 13.8 ശതമാനം വോട്ടുകള്‍ പ്രാദേശിക നേതാക്കള്‍ക്കും ലഭിച്ചു.
ഭൂരിപക്ഷവും മോദിയെയാണു പിന്തുണയ്ക്കുന്നതെങ്കിലും വിശ്വസനീയമായ പകരക്കാരനായി 43 ശതമാനവും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നുണ്ട്. 40 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നില്ലെന്നും രേഖപ്പെടുത്തി. അതേസമയം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബിജെപി പാലിച്ചില്ലെന്ന് 46 ശതമാനവും പാലിച്ചെന്ന് 27 ശതമാനവും ജനങ്ങള്‍ വിലയിരുത്തി. തൊഴിലില്ലായ്മയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നാണു ഭുരിഭാഗവും അഭിപ്രായപ്പെട്ടത്. കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ രണ്ടാമതെത്തി.

മൂന്നാമതു മാത്രമാണ് രാമക്ഷേത്ര വിഷയത്തിനു പരിഗണന നല്‍കിയിരിക്കുന്നത്. പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി ജനങ്ങള്‍ക്കു ഉപകാരമായില്ലെന്ന് 30 ശതമാനവും അഭിപ്രായപ്പെട്ടു. രാജ്യത്ത് 690 ഇടങ്ങളിലാണ് സര്‍വേ നടത്തിയത്. 14,431 വോട്ടര്‍മാര്‍ സര്‍വേയില്‍ പങ്കെടുത്തു

pathram:
Leave a Comment