രണ്ട് വനിതകള്‍ മാത്രം..!!! നാല് എംഎല്‍എമാര്‍; സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

14 സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ഥികളും രണ്ട് സീറ്റുകളില്‍ സ്വതന്ത്രരെ പിന്തുണക്കാനുമാണ് തീരുമാനമെന്ന് കോടിയേരി പറഞ്ഞു. പൊന്നാനിയില്‍ പി.വി അന്‍വറിന് പകരം മറ്റ് പേരുകള്‍ പരിഗണിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ഥിയാക്കി.

നാല് എംഎല്‍എമാരെയാണ് സിപിഎം ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നത്. അരൂര്‍ എംഎല്‍എ എ.എം ആരിഫ് ആലപ്പുഴയിലും ആറന്മുള എംഎല്‍എ വീണ ജോര്‍ജ് പത്തനംതിട്ടയിലും കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ്കുമാര്‍ കോഴിക്കോട്ടും നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ പൊന്നാനിയിലും ജനവിധി തേടും.

സ്ഥാനാര്‍ഥികള്‍ ഇവര്‍

കാസര്‍കോട്: കെ.പി സതീഷ്ചന്ദ്രന്‍

കണ്ണൂര്‍: പി.കെ ശ്രീമതി

വടകര: പി.ജയരാജന്‍

കോഴിക്കോട്: എ.പ്രദീപ്കുമാര്‍

മലപ്പുറം: വി.പി സാനു

പൊന്നാനി: പി.വി അന്‍വര്‍

പാലക്കാട്: എം.ബി രാജേഷ്

ആലത്തൂര്‍; പി.കെ ബിജു

ചാലക്കുടി: ഇന്നസെന്റ്

എറണാകുളം: പി.രാജീവ്

ഇടുക്കി: ജോയ്‌സ് ജോര്‍ജ്

കോട്ടയം: വി.എന്‍ വാസവന്‍

പത്തനംതിട്ട: വീണ ജോര്‍ജ്

ആലപ്പുഴ: എ.എം ആരിഫ്

കൊല്ലം: കെ.എന്‍ ബാലഗോപാല്‍

ആറ്റിങ്ങല്‍: എ സമ്പത്ത്

എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് വിജയിച്ചാലുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത് സി.പി.എമ്മിന്റെ ആത്മവിശ്വാസം കാരണമാണെന്നും കോടിയേരി വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎല്‍എമാര്‍ ആദ്യമായിട്ടല്ല മത്സരിക്കുന്നത്. 2009ല്‍ യുഡിഎഫിന്റെ നാല് എംഎല്‍എമാര്‍ മത്സരിച്ചിട്ടുണ്ട്. മുമ്പും പല തവണ ഉണ്ടായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇത്തവണ വളരെ പ്രധാനമാണ്. ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ വര്‍ധിക്കുന്നതിനനുസരിച്ചായിരിക്കും മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കുക. ജയസാധ്യതക്ക് മാത്രം മുന്‍ഗണന നല്‍കിയത് കൊണ്ടാണ് എംഎല്‍എയമാരെ നിര്‍ത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വനിതകള്‍ മാത്രമേയുള്ളൂ എന്ന ചോദ്യത്തിന് രണ്ടും ജയം ഉറപ്പുള്ള മണ്ഡലത്തിലാണെന്നായിരുന്നു കോടിയേരിയുടെ മറുപടി. ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കുമ്പോള്‍ നേരത്തെയുള്ളത് പോലുള്ള ക്രമീകരണങ്ങള്‍ നടത്തും. ആര്‍എംപി യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന വാര്‍ത്ത കണ്ടാല്‍ തോന്നും അവര്‍ കഴിഞ്ഞ തവണ ഞങ്ങള്‍ക്കൊപ്പമായിരുന്നു എന്ന്. അവര്‍ അപ്പോഴും ഇപ്പോഴും യുഡിഎഫിനൊപ്പമാണ്.

അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. കോട്ടകള്‍ പിടിക്കാന്‍ അവര്‍ക്ക് സാധിക്കും. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിട്ടാണ് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിട്ടുള്ള വി.പി.സാനു മലപ്പുറത്ത് വരുന്നത്. എസ്എഫ്‌ഐ നേതാവായിരിക്കുമ്പോഴാണ് സുരേഷ് കുറുപ്പ് കോട്ടയം പിടിച്ചെടുത്തതെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ എവിടേയും ബിജെപിക്ക് ജയിക്കാനോ ജയ സാധ്യതയോ ഇല്ല. എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. കുമ്മനമല്ല നരേന്ദ്ര മോദി വന്ന് തിരുവനന്തപുരത്ത് മത്സരിച്ചാലും ജയിക്കാന്‍ പോകുന്നില്ല. ആര്‍ക്കും എന്തും ആഗ്രഹിക്കാം. പ്രായോഗികമാകണമെന്നില്ലെന്നും കോടിയേരി പറഞ്ഞു.

pathram:
Leave a Comment