യുദ്ധം ഒഴിവാകാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനാല്‍ യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ തെഹ് രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ യോഗത്തിലാണ് ഇമ്രാന്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

അഭിനന്ദന്‍ വര്‍ത്തമനെ വിട്ടയച്ച തീരുമാനത്തെക്കുറിച്ച് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും വിശദീകരിക്കുകയുണ്ടായി. വിശാല താത്പര്യം മുന്‍നിര്‍ത്തിയാണ് അഭിനന്ദനെ വിട്ടയച്ചത്. അതിലൂടെ സംഘര്‍ഷത്തിന് അയവ് വരുത്താനും വ്യക്തതയും കൃത്യതയുമുള്ള സന്ദേശം നല്‍കാനും കഴിഞ്ഞെന്ന് ഖുറേഷി പറഞ്ഞു.

അഭിനന്ദനെ വിട്ടയച്ചതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തീവ്രത കുറഞ്ഞെന്ന് പാക് വിദേശകാര്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പുല്‍വാമ സംഭവത്തിന് പിന്നാലെ ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത്.

അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കര്‍തര്‍പുര്‍ ഇടനാഴിയെ സംബന്ധിച്ച് ഈ മാസം 14-ന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം മാര്‍ച്ച് 28-ന് ഇസ്ലാമാബാദിലെത്തുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

pathram:
Related Post
Leave a Comment