ഫീല്‍ഡിങ്ങിനിടെ ധോണിയുടെ സമീപത്തെത്താന്‍ ആരാധകന്റെ ശ്രമം; ഓടി മാറുന്ന ധോണിയുടെ വീഡിയോ

നാഗ്പുര്‍: ഇന്ത്യഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിയുടെ സമീപമെത്താന്‍ ഇന്ത്യന്‍ ആരാധകന്റെ ശ്രമം. ആദ്യം ബാറ്റു ചെയ്ത് 250 റണ്‍സ് നേടിയ ഇന്ത്യ, പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ആരാധകന്‍ സമീപത്തേക്കു വരുന്നതുകണ്ട് ഓടി മാറാനുള്ള ധോണിയുടെ ശ്രമം സഹതാരങ്ങളിലും ആരാധകരിലും ചിരിപടര്‍ത്തി.

ആരാധകന്‍ അടുത്തുവരാതിരിക്കാനെന്ന വ്യാജേന ധോണി സഹതാരങ്ങള്‍ക്കിടയിലൂടെ ഓടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോയും വൈറലായി. ആരാധകന്‍ സമീപത്തേക്കു വരുന്നതുകണ്ട് ധോണി ആദ്യം രോഹിത് ശര്‍മയ്ക്കു പിന്നില്‍ ഒളിക്കുന്നുണ്ട്. പിന്നീട് കൂട്ടത്തോടെ മൈതാനത്തേക്കു വരുന്ന സഹതാരങ്ങള്‍ക്കിടയിലൂടെ ഓടി മാറുകയായിരുന്നു.

ഒടുവില്‍ ക്രീസിനു സമീപം ഓട്ടമവസാനിപ്പിക്കുന്ന ധോണിയെ ആരാധകന്‍ ആശ്ലേഷിക്കുന്നതും വിഡിയോയിലുണ്ട്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്തേക്കു കൊണ്ടുപോയി. നേരത്തെ, ഇന്ത്യയുടെ മൂന്നാമത്തെ വിക്കറ്റ് നഷ്ടമായ സമയത്ത് അടുത്തത് ധോണിയായിരിക്കുമെന്ന ധാരണയില്‍ ആരാധകര്‍ കയ്യടികളോടെയാണ് അമ്പാട്ടി റായുഡുവിനെ പുറത്തേക്ക് ആനയിച്ചത്. വിജയ് ശങ്കര്‍ അഞ്ചാമനായി എത്തിയപ്പോള്‍ മൈതാനം നിശബ്ദതയിലാഴുകയും ചെയ്തു.

മുന്‍പും മല്‍സരത്തിനിടെ ആരാധകര്‍ ധോണിയുടെ സമീപത്തേക്ക് എത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തിനിടെ തന്റെ സമീപത്തേക്ക് എത്തിയ ഇന്ത്യന്‍ ആരാധകന്‍ കയ്യിലിരുന്ന ഇന്ത്യന്‍ പതാക നിലത്തിടാതെ ധോണി തടഞ്ഞത് അദ്ദേഹത്തിനു വലിയ കയ്യടി വാങ്ങിക്കൊടുത്തിരുന്നു. ഈ സംഭവത്തിനു പിന്നാലെ ഒട്ടേറെ ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ ധോണിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

pathram:
Related Post
Leave a Comment