കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ല; കോടിയേരിയെ തള്ളി കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബഷീറിന്റെ കുടുംബം

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബഷീറിന്റെ കുടുംബം. ബഷീറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ല. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞു.

കൊല്ലത്തെ കൊലപാതം രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെ വെക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പെരിയ സംഭവത്തിന് കോണ്‍ഗ്രസ് പ്രതികാരം ചെയ്തതാണെന്നും കോടിയേരി പറഞ്ഞിരുന്നു.

കോടിയേരിയുടെയും സിപിഎമ്മിന്റെ ആരോപണം തള്ളിയിരിക്കുകയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു ചിതറ വളവുപച്ച മഹാദേവര്‍കുന്ന തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വളുവപച്ച കൊച്ചുകോടനൂര്‍ മൂബീന മന്‍സിലില്‍ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കപ്പ വ്യാപാരിയായ മുഹമ്മദ് ബഷീര്‍ ചന്തയിലെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോള്‍ വഴിയില്‍വച്ച് ഷാജഹാനുമായി വാക്കുതര്‍ക്കമുണ്ടായി. വീട്ടിലെത്തിയ ബഷീര്‍ കുളിക്കാനൊരുങ്ങുമ്പോള്‍ മദ്യലഹരിയില്‍ ഷാജഹാന്‍ അവിടെയെത്തിയെന്നും ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായെന്നും ഇതിനിടെ ബഷീറിന് കുത്തേറ്റുന്നുമാണ് പോലീസ് പറഞ്ഞത്.

pathram:
Leave a Comment