മസൂദ് അസ്ഹറന് രോഗബാധിതന്‍; ചികിത്സ പാക് സൈനിക ആശുപത്രിയില്‍…?

പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജെയ്‌ഷെ തലവന്‍ പാക്കിസ്താനിലെ റാവല്‍ പിണ്ടിയിലുള്ള സൈനിക ആശുപത്രിയില്‍ ചികിത്സ തേടി വരുന്നതായാണ് സൂചന. ജയ്‌ഷെ തലവന്‍ പാക്കിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അസ്ഹര്‍ പാക്ക് സൈനിക ആശുപത്രിയില്‍ തന്നെ ചികിത്സ തേടിവരുന്നുണ്ടാകാം എന്ന നിഗമനം ഉന്നത ഉദ്യോഗസ്ഥര്‍ മുന്നോട്ടു വെയ്ക്കുന്നത്.

മസൂദ് അസ്ഹര്‍ രോഗിയാണെന്നും, വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണെന്നും പാക്ക് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. പാക്ക് സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന റാവല്‍ പിണ്ടിയില്‍ തന്നെയാണ് സൈനിക ആശുപത്രിയും. മസൂദ് അസ്ഹറിന്റെ ഇരു വൃക്കകളും തകരാറിലാണെന്നും, അതുകൊണ്ട് തന്നെ ദിവസേന ഡയാലിസിസിന് വിധേയമാകുന്നുണ്ടെന്നുമാണ് വിവരം. ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ അതിശക്തമായി ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തുന്നതിനിടെയാണ് അസ്ഹര്‍ പാക്കിസ്താനിലുണ്ടെന്ന് പാക്ക് വിദേശകാര്യ മന്ത്രി തന്നെ നേരിട്ട് വ്യാഴാഴ്ച സ്ഥിരീകരിച്ചത്.

അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ഒപ്പം മസൂദ് അസഹര്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഐസി814 എന്ന വിമാനം ഭീകരര്‍ റാഞ്ചി കാണ്ഡഹാറില്‍ 150 ലേറെ യാത്രക്കാരെ ബന്ധിക്കളാക്കിയാണ് ഇന്ത്യന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന മസൂദ് അസ്ഹറിനെ ഭീകരര്‍ മോചിപ്പിച്ചത്. ഇതേ രാത്രി ലാദന്‍ മസൂദ് അസ്ഹറിനായി അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ജയില്‍ മോചനത്തിനു ശേഷമാണ് കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ അസ്ഹര്‍ ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിക്കുന്നത്. 2000 എപ്രിലിലാണ് ജയ്‌ഷെ കാശ്മീരില്‍ ആദ്യ ചാവേറാക്രമണം നടത്തിയത്.

pathram:
Related Post
Leave a Comment