കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് കോടിക്കണക്കിന് രൂപ ചെലവിട്ട് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന പിണറായി സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയരുന്നു. രണ്ടുമാസത്തിനിടെ ഏഴ് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആയിരം ദിനാഘോഷത്തില്‍ കോടികളാണ് ചെലവഴിച്ചത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഇതുവരെയും സര്‍ക്കാര്‍ സഹായമെത്തിയിട്ടില്ലെന്ന അവസ്ഥയിലും കോടിക്കണക്കിന് രൂപയാണ് അനാവശ്യമായി ചെലവാക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്.
സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി കൃഷിചെയ്തിരുന്ന നെല്ലിപ്പുഴ ജോണിയാണ് ഇടുക്കി ജില്ലയില്‍ ഈ വര്‍ഷം മൂന്നാമത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍. വാഴത്തോപ്പ് സ്വദേശി ജോണിയുടെ വീട്ടില്‍ ജില്ലാ കലക്ടറും കൃഷി മന്ത്രിയുമെല്ലാം സന്ദര്‍ശനം നടത്തി മടങ്ങിയതാണ്. സഹായമെത്തിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നിട്ടും ഈ കുടുംബത്തിന് യാതൊരു സഹായവും എത്തിയില്ല. ലക്ഷങ്ങളുടെ കടക്കെണിയാണ് തലക്കുമുകളില്‍. അടച്ചു തീര്‍ക്കാന്‍ ഒരു വഴിയുമില്ല.
ഇതുപോലെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന, കര്‍ഷക കുടുംബങ്ങള്‍ നിരവധിയാണ്. കോടിക്കണക്കിനു രൂപ മുടക്കി സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം നടത്തിയത് ജില്ലയിലാകെ വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. ഇടുക്കി ജില്ലക്ക് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച അയ്യായിരം കോടിയുടെ പായ്‌ക്കേജ് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ ഉപയോഗിക്കണമെന്നും ആവശ്യമുയരുന്നു.
Leave a Comment