പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം യുദ്ധ സമാനമായ സാഹചര്യത്തില്‍ ശത്രുപാളയത്തില്‍ തടവുകാരനായപ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ പോരാടിയ ഇന്ത്യന്‍ സൈനികന്റെ ധീരതയെ വിവരിക്കുകയാണ് പാക് മാധ്യമങ്ങള്‍.
രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും അതിര്‍ത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. ഇതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ കാണാതാവുന്നത്. പൈലറ്റിനെ കാണാതായ വിവരം ഇന്ത്യ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ പാക് മാധ്യമങ്ങള്‍ പൈലറ്റിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു. പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിലും അഭിനന്ദന്‍ എതിരാളികളോട് പൊരുതി. ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ജയ് വിളിക്കുകയും കൈവശമുണ്ടായിരുന്ന സുപ്രധാന രേഖകള്‍ നശിപ്പിച്ചതായും പാക് മാധ്യമങ്ങള്‍ പറയുന്നു.
പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം നിയന്ത്രണ രേഖയ്ക്ക് ഏഴ് കിലോമീറ്റര്‍ അപ്പുറത്താണ് അഭിനന്ദന്‍ പാരചൂട്ടില്‍ ഇറങ്ങിയത്. ഉടന്‍ കയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉയര്‍ത്തി ചുറ്റും കൂടിയ നാട്ടുകാരോട് ഇത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് ചോദിച്ചു. അവരിലൊരാള്‍ ഇന്ത്യയാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് അഭിനന്ദന്‍ ജയ് വിളിച്ചു. അപ്പോള്‍ ജനക്കൂട്ടത്തില്‍ ചിലര്‍ പാകിസ്താന്‍ സൈന്യത്തിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി. ഉടന്‍ അഭിനന്ദന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് അരകിലോമീറ്റര്‍ ദൂരത്തോളം ഓടിയതായും ഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് അഭിനന്ദന്‍ ഒരു കുളത്തിലേക്ക് ചാടിയെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയത്ത് കയ്യിലുണ്ടായിരുന്ന സുപ്രധാന രേഖകളില്‍ ചിലത് വിഴുങ്ങാന്‍ ശ്രമിച്ചെന്നും ചിലത് വെള്ളത്തില്‍ മുക്കി നശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുടര്‍ന്നാണ് പാക് സൈന്യമെത്തി അഭിനന്ദനെ കൊണ്ടുപോകുന്നത്.
Leave a Comment