അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് ജോജുവിന്റെ പ്രതികരണം

മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് നടന്‍ ജോജു ജോര്‍ജ്. മലയാളത്തിലെ വലിയ അഭിനേതാക്കളോടൊപ്പം മല്‍സരിച്ചത് തന്നെ പ്രതീക്ഷിച്ചതിലും വലിയ അവാര്‍ഡാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. കിട്ടിയ അവാര്‍ഡെല്ലാം ബോണസാണ്. പുരസ്‌ക്കാരം ലഭിച്ചത് താന്‍ ഇഷ്ടപ്പെടുന്ന രണ്ട് സിനിമകളായ ജോസഫിനും ചോലക്കുമാണ്. അതിന്റെ സംവിധായകര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നതായും ജോജു പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ജോജുവിന്റെ പ്രതികരണം.

ജോസഫിലേയും ചോലയിലേയും അഭിനയത്തിനാണ് ജോജുവിനെ മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജോസഫ് എന്ന ചിത്രത്തിലെ ജോജുവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.

എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ജോജു അവതരിപ്പിച്ചത്. സമകാലിക പ്രാധാന്യമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്. ചിത്രത്തിലെ ജോജുവിന്റെ അഭിനയവും കഥയും ഒത്തുചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു മികച്ച ദൃശ്യാനുഭവമായി. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മാത്രം ഒതുങ്ങിയ ജോജുവിന്റെ അഭിനയ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ജോസഫിലെ പൊലീസ് ഉദ്യോഗസ്ഥന്‍. 1991 ല്‍ സംവിധാന സഹായിയായിട്ടാണ് ജോജു സിനിമ രംഗത്തേക്ക് വന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടല്‍ കാലിഫോര്‍ണിയ, കസിന്‍സ്, പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദന്‍ തോട്ടം , ഉദാഹരണം സുജാത തുടങ്ങിയ സിനിമകളില്‍ ശ്രേദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല. ഇതില്‍ നായക കഥാപാത്രയെയാണ് ജോജു അവതരിപ്പിക്കുന്നത്.

49 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയാണ്. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇത് രണ്ടാമത്തെ തവണയാണ് ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനായി.

pathram:
Leave a Comment