കൊലയ്ക്ക് ശേഷം പടക്കം പൊട്ടിച്ച് ഇന്‍ക്വിലാബ് വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തി

കാസര്‍ഗോഡ്: ദിവസങ്ങള്‍നീണ്ട ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നതെന്ന് ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കൊലയാളികളെ രണ്ട് ബാച്ചായി നിര്‍ത്തിയാണ് കൃത്യം നടത്തിയതെന്നും സത്യനാരായണന്‍ ആരോപിച്ചു. ഞങ്ങളുടെ നാട്ടിലെ പ്രധാന വ്യവസായിയായ ശാസ്താ ഗംഗാധരന്‍ എന്റെ സുഹൃത്താണ്. ഇയാളാണ് കൊലയാളികള്‍ക്ക് വേണ്ട വണ്ടിയും മറ്റു സൗകര്യങ്ങളും ശരിയാക്കി കൊടുത്തത് .

സംഭവദിവസം അഞ്ചെട്ടോളം വണ്ടികള്‍ ശാസ്ത ഗംഗാധരന്റെ വസ്തുവിലൂടെയുള്ള സ്വകാര്യ റോഡിലൂടെയാണ് കൊല നടത്താനായി എത്തിയത്. ഗംഗാധരന്റെ മകനാണ് കൊലയാളികളെ സ്ഥാനത്ത് നിര്‍ത്തിയത്. കൊലയാളികളെ രണ്ടു ബാച്ചായി നിര്‍ത്തി, ഒരു വശത്ത് കൂടി ഓടിയാല്‍ മറ്റേ വഴി പിടിക്കാനായിരുന്നു ഇത്. കൃത്യം നടത്തിയ ശേഷം സ്വകാര്യ റോഡിലൂടെ രക്ഷപ്പെട്ട സംഘം കാഞ്ഞിരങ്ങോട്ടെ വീട്ടില്‍ വച്ച് വസ്ത്രം മാറി, ഇതിന് ശേഷം കൊലയാളികള്‍ പടക്കം പൊട്ടിച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തി.

പീതാംബരനും ഏതാനും ആളുകളും ചേര്‍ന്ന് നടത്തിയ കൊലപാതകമല്ല, പുറത്ത് നിന്ന് ആളെകൊണ്ടു വന്നാണ് എന്റെ മകനെ കൊലപ്പെടുത്തിയത്. ഇത് അന്വേഷിച്ച് കണ്ടെത്തണം, സിബിഐ പോലെ ഒരു സ്വതന്ത്രമായ അന്വേഷണ സംഘം വന്നാല്‍ മാത്രമേ ഇതിന് കഴിയൂ.

സിപിഎം കേന്ദ്രത്തില്‍ വച്ച് ഒരു വാഹനം പിടിക്കപ്പെട്ടു, എന്നാല്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കുഞ്ഞിരാമന്റെ ഇടപെടല്‍ മൂലം ആ വാഹനം കസ്റ്റഡിയിലെടുത്തില്ല. അതിന് അടുത്ത ദിവസമാണ് സജി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാളുടെ അറസ്റ്റ് വൈകിപ്പിച്ചത് മുന്‍ എംഎല്‍എ കുഞ്ഞിരാമനാണെന്നും സത്യനാരായണന്‍ ആരോപിക്കുന്നു.

നല്ല സംഘാടക പാടവമുള്ളവരായിരുന്നു കൊല്ലപ്പെട്ട രണ്ടു കുട്ടികളും. ശബരിമല വിഷയത്തില്‍ ഇവര്‍ നാട്ടില്‍ സംഘടിപ്പിച്ച ജാഥയാണ് പീതാംബരന്റെ അപ്രീതിക്ക് കാരണമായത്. ജാഥയില്‍ പങ്കെടുത്ത രണ്ട് കുട്ടികളെ പീതാംബരന്‍ സിപിഎമ്മുകാരെ വച്ചു തല്ലി. ഇതു ചോദ്യം ചെയ്യാന്‍ ശരത് ലാല്‍ പോയത് കശപിശയ്ക്ക് കാരണമായി.

കലാകാരനായിരുന്ന ശരത്ത് നാട്ടിലെ വാദ്യ സംഘത്തിലുണ്ടായിരുന്നു. മികച്ച സംഘാടകനുമായിരുന്നു അവന്‍. അതിനാല്‍ തന്നെ നാട്ടിലെ സിപിഎമ്മുകാര്‍ ശരത്തിനെ നേരത്തെ നോട്ടമിട്ടിരുന്നു. അവന് നേരെ അവര്‍ നീങ്ങുമോ എന്ന ഭയത്തില്‍ മംഗലാപരത്ത് പഠിച്ചിരുന്ന മകനെ ഞാന്‍ പിന്നീട് ആരുമറിയാതെ പോണ്ടിച്ചേരിക്ക് മാറ്റിയിരുന്നു.

pathram:
Related Post
Leave a Comment