പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ജയ്പൂരിലെ സ്‌റ്റേഡിയത്തില്‍ നിന്നും നീക്കം ചെയ്തു

രാജസ്ഥാന്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്‌റ്റേഡിയത്തിലെ ചിത്രഗാലറിയില്‍ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പത് സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ചാവേറാണ് അക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരസംഘടനയായ ജെയ്‌ഷേ മുഹമ്മദ് രംഗത്തെത്തിയിരുന്നു.

കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ട് മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പാക്കിസ്ഥാനി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നീക്കം ചെയ്തു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്റെ സൂചകമായിട്ടാണ് പാക്കിസ്ഥാന്‍ താരങ്ങളുടെ ചിത്രങ്ങള്‍ സ്‌റ്റേഡിയത്തില്‍ നിന്ന് മാറ്റിയത്. അസോസിയേഷനില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് പിസിഎ ട്രഷറര്‍ അജയ് ത്യാഗി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ രാജ്യത്ത് പൊതുവായി ഉയര്‍ന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പിസിഎയും.

ഈ സംഭവത്തില്‍ വളരെ വ്യക്തവും ശക്തവുമായ നിലപാടാണ് തങ്ങളുടേതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. ഇന്ത്യാ ഗവണ്‍മെന്റ് അനുവാദം നല്‍കാതെ പാകിസ്ഥാനൊപ്പം കളിക്കില്ലെന്നും ശുക്ല ട്വീറ്റില്‍ കുറിച്ചു.

pathram:
Related Post
Leave a Comment