കൊച്ചി: കാസറേഗാഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷഭാഷയില്‍ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഷാഫി എംഎല്‍എ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ‘നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍’ എന്ന് പറഞ്ഞാണ് ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എത്ര തലകള്‍ അറുത്തുമാറ്റിയാലാണ് നിങ്ങളുടെ ചോരക്കൊതി തീരുക എന്നും എത്രകാലം നിങ്ങള്‍ കൊന്നുകൊണ്ടേയിരിക്കും എന്നും ഷാഫി പറമ്പില്‍ കുറിപ്പില്‍ ചോദിക്കുന്നു. ഈ രക്തദാഹം ശാപമാണെന്നും ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അമ്മമാരുടെ കണ്ണീരില്‍ നിങ്ങള്‍ ഒലിച്ചുപോകുമെന്നും മുഖ്യമന്ത്രിയെ പേരെടുത്ത് പരാമര്‍ശിച്ച് ഷാഫി പറമ്പില്‍ വിമര്‍ശിക്കുന്നു.
കാസര്‍കോ!ട് പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ജോഷി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റുമാണ്. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
”നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ .. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം? എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം? എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും? ശിലയായി മാറിയ ഹൃദയം കൊണ്ട് എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം. ശാപമാണ് വിജയാ ഈ രക്തദാഹം… നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലേല്‍ അമ്മമാരുടെ കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങള്‍”
പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഇന്നലെ വൈകിട്ടോടെ കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ പോസ്റ്റ്.
സംഭവം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ആണെന്നും പ്രഥമാന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
Leave a Comment