കാസറഗോഡ്: കാസറഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് എഫ്.ഐ.ആര്‍. കൊലപാതകത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന് എഫ്.ഐ.ആറില്‍ സൂചന. കൊല്ലപ്പെട്ടവര്‍ക്ക് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്കുള്ള മുന്‍വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.
കൊല്ലപ്പെട്ട കൃപേഷിനെയും ജോഷിയെയും സിപിഎം പ്രാദേശിക നേതാക്കള്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അന്വേഷണം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന സൂചനയാണ് എഫ്.ഐ.ആറിലുള്ളത്.
ആസൂത്രിത കൊലപാതകമാണ് നടന്നത്. സമീപ പ്രദേശത്തെ ഉത്സവം കഴിഞ്ഞ് മടങ്ങിയ കൃപേഷിനെയും ജോഷിയെയും ഒളിച്ചിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. രാത്രി 7.30 ന് ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തുകയും വെട്ടി വീഴ്ത്തുകയായിരുന്നു. കാലുകള്‍ക്കാണ് കൂടുതലായും വെട്ടേറ്റത്. വെട്ടേറ്റെങ്കിലും രക്ഷപ്പെടാന്‍ 15 മീറ്ററോളം ഓടിയ കൃപേഷിനെ പിന്തുടര്‍ന്നെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ വടിവാളിന്റെ പിടി കണ്ടെടുത്തു. ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലപ്പെട്ട കൃപേഷിന്റെയും ജോഷിയുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. കൊലപാതകത്തിന്റെ ഗൂഢാലോചന അടക്കമുള്ളവ അന്വേഷിക്കുമെന്ന് കാസര്‍കോഡ് എസ്.പി എ. ശ്രീനിവാസ് വ്യക്തമാക്കി.
Leave a Comment