ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് രാഹുല്‍ ഗാന്ധി; ആക്രമണങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ല; സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം

ന്യൂഡല്‍ഹി: ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമുണ്ട്. ഇത്തരം ആക്രമണങ്ങള്‍കൊണ്ടു രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനുമാകില്ല. കോണ്‍ഗ്രസ് ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കുമില്ല-രാഹുല്‍ വ്യക്തമാക്കി.

ദുഃഖാചരണത്തിനുള്ള സമയമാണിത്. ഭയാനകമായ ദുരന്തമാണ് കശ്മീരില്‍ കഴിഞ്ഞ ദിവസം നടന്നത്. നമ്മുടെ സൈനികര്‍ക്കെതിരെയുണ്ടായത് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന രീതിയിലുള്ള അക്രമമാണ്. ജവാന്‍മാര്‍ക്കൊപ്പം നമ്മളെല്ലാം ഒരുമിച്ചു നില്‍ക്കണം. ഒരു ശക്തിക്കും ഈ രാജ്യത്തെ ഭിന്നിപ്പിക്കാനോ തകര്‍ക്കാനോ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

ദുഃഖാചരണത്തിന്റെ ദിനമാണ് ഇതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു. നാല്‍പതിലേറെ ജവാന്‍മാരെയാണ് നമുക്കു നഷ്ടമായത്. നമ്മളെല്ലാം ജവാന്‍മാരുടെ കുടുംബത്തോടൊപ്പം നില്‍ക്കുകയെന്നതാണു ഇപ്പോഴത്തെ കര്‍ത്തവ്യം. ഭീകരവാദികളുമായി നമുക്ക് യാതൊരു ഒത്തുതീര്‍പ്പുമില്ല. ജവാന്‍മാര്‍ക്കും അവരുടെ കുടുംബത്തിനും കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കും- സിങ് പറഞ്ഞു.

pathram:
Related Post
Leave a Comment