ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം: കുത്തിയോട്ടത്തിന് 815 ബാലന്‍മാര്‍ പങ്കെടുക്കും

തിരുവനന്തപുരം: : ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാത്രി 10.20ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. 20നാണ് പൊങ്കാല. 20ന് രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാലനിവേദ്യം.

ഇത്തവണ കുത്തിയോട്ടവ്രതത്തിനായി 815 ബാലന്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാം ഉത്സവദിവസമായ 14ന് രാവിലെ കുത്തിയോട്ടവ്രതം ആരംഭിക്കും. പൊങ്കാലദിവസമായ 20ന് രാത്രി 7.30നാണ് കുത്തിയോട്ടം ചൂരല്‍കുത്ത്. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രത്തിലെത്തും. ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗം നടക്കും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകീട്ട് 6.30ന് നടന്‍ മമ്മൂട്ടി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ ദേവീക്ഷേത്രം ട്രസ്റ്റ് നല്‍കുന്ന അംബാ പുരസ്‌കാരം പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം.ആര്‍.രാജഗോപാലിന് നല്‍കും. ഉത്സവദിവസങ്ങളില്‍ അംബ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളില്‍ അന്നദാനവുമുണ്ടായിരിക്കും.

ക്ഷേത്രവും പരിസരവും വൈദ്യുത ദീപാലങ്കരങ്ങളാല്‍ അലങ്കരിക്കുന്നതിന്റെ പണികള്‍ പൂര്‍ത്തിയായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ക്ഷേത്രത്തില്‍ ഉത്സവത്തിനായി തുടങ്ങിയിട്ടുണ്ട്. അംബ, അംബിക, അംബാലിക എന്നീ വേദികളിലായാണ് കലാപരിപാടികള്‍ നടക്കുക. പ്രധാന വേദിയായ അംബയില്‍ എല്ലാ ദിവസവും വൈകീട്ട് കേരളത്തിലെ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും.

pathram:
Leave a Comment