പ്രിയങ്കാ ഗാന്ധി ‘പണി’ തുടങ്ങി

ന്യൂഡല്‍ഹി: ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പ്രിയങ്കാഗാന്ധി രാഷ്ട്രീയ രംഗത്തേക്ക് സജീവമാകാന്‍ തുടങ്ങി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നൂറോളം പേര്‍ മരിക്കാനിടയായ വിഷമദ്യ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രതികരിച്ചു. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ പിന്തുണയില്ലാതെ അനധികൃത മദ്യവ്യവസായം ഇത്തരത്തില്‍ തഴച്ചു വളരില്ലെന്ന് അവര്‍ പ്രസ്താവനയില്‍ ആരോപിച്ചു.

കുറ്റവാളികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന ആവശ്യവും പ്രിയങ്ക ഉന്നയിച്ചു. മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരുക്കുന്നത് വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 97 ആയി ഉയര്‍ന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക രംഗത്തെത്തിയിട്ടുള്ളത്. വിഷമദ്യ ദുരന്തത്തിന് പിന്നാലെ അനധികൃത മദ്യ നിര്‍മാണവും വിപണനവും നടത്തിയ 200 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരുസംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു.

അനധികൃത മദ്യ നിര്‍മ്മാണത്തിനും വിപണനത്തിനും എതിരെ പ്രതിപക്ഷം നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്ന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന വാസ്തവം ബിജെപി അംഗീകരിക്കണമെന്നും അഖിലേഷ് പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മുമ്പുണ്ടായ പല മദ്യദുരന്തങ്ങള്‍ക്കും പിന്നില്‍ എസ്.പി നേതാക്കളും ഉണ്ടായിരുന്നുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.

pathram:
Leave a Comment